കൊച്ചി: എറണാകുളം കോതമംഗലത്ത് കള്ളനോട്ടുമായി കൊൽക്കത്ത സ്വദേശികൾ ഉൾപ്പെടെ അറസ്റ്റിലായ സംഭവത്തെ കുറിച്ച് NIAയും ക്രൈംബ്രാഞ്ചും പ്രാഥമികാന്വേഷണം നടത്തി. അറസ്റ്റിലായ യുവതികളിൽ ഒരാൾക്ക് ബംഗാളി സിനിമ, സീരിയൽ രംഗവുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്.

തലക്കോട് ചെക്പോസ്റ്റിൽ വച്ച് രണ്ടായിരത്തിന്‍റെ 11 കള്ളനോട്ടുകളുമായി കൊൽക്കത്ത സ്വദേശികളായ സഹോദരിമാരും കോട്ടയം സ്വദേശിയും അറസ്റ്റിലായ സംഭവത്തിലാണ് NIA യും ക്രൈംബ്രാഞ്ചും പ്രാഥമികാന്വേഷണം നടത്തിയത്. ഊന്നുകൽ പൊലീസ് സ്റ്റേഷനിൽ എത്തിയNIA ഇൻസ്പെക്ടർ സജിമോൻ , ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ ചോദ്യം ചെയ്ത് തെളിവ് ശേഖരിച്ചു.

ബംഗാൾ സ്വദേശികളും സഹോദരിമാരുമായ സുഹാന ഷേയ്ക്ക്, സാഹിം കാത്തൂൻ , പൊൻകുന്നം സ്വദേശി മാളിയേക്കൽ അനൂപ് വർഗീസ് എന്നിവരാണ് മൂന്നാറിൽ നിന്ന് കാറിൽ വരുമ്പോൾ പിടിയിലായത്. പിടിയിലായ യുവതികളിൽ ഒരാൾക്ക് ബംഗാളി സിനിമ - സീരിയൽ രംഗവുമായ ബന്ധമുണ്ടെന്നും സൂചനയുണ്ട്. ടൂറിസ്റ്റുകൾ എന്ന വ്യാജേന വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ച് കള്ളനോട്ട് മാറിയെടുക്കുന്ന സംഘത്തിലെ കണ്ണകളാണ് ഇവരെന്ന് പോലീസ് സംശയിക്കുന്നു. എന്നാൽ കാറിലുണ്ടായിരുന്ന ഏഴരലക്ഷത്തോളം രൂപ സ്ഥലം വിറ്റ് ലഭിച്ചതാണെന്നും കള്ളനോട്ടടിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് പ്രധാന പ്രതി അനൂപിന്റെ മൊഴി.

ഇരുമ്പുപാലത്തുള്ള ഒരു കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി രണ്ടായിരത്തിന്റെ കള്ളനോട്ടു കൊടുത്തപ്പോൾ കടയുടമക്കുണ്ടായ സംശയമാണ് പ്രതികൾ പിടിയിലാകാൻ ഇടയാക്കിയത്. വൈകിട്ടോടെ കോതമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.