ബംഗ്ലാദേശ് കുറ്റകൃത്യ ട്രിബ്യൂണലാണ് ഹസീനക്ക് തൂക്കുകയർ വിധിച്ചിരിക്കുന്നത്. ഹസീന മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം ചെയ്‌തെന്നാണ് കോടതിയുടെ കണ്ടെത്തൽ.

ധാക്ക: ബംഗ്ലാദേശ് കുറ്റകൃത്യ ട്രിബ്യൂണലിന്റെ വിധിയോ‌‌ട് പ്രതികരിച്ച് ബം​ഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന. കപട വിധിയെന്നാണ് ഹസീനയുടെ പ്രതികരണം. തെരഞ്ഞെടുക്കപ്പെടാത്ത സർക്കാർ സ്ഥാപിച്ച കപട ട്രിബ്യൂണലാണ് വിധി പറഞ്ഞതെന്നും വിധി പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമാണെന്നും ഷേഖ് ഹസീന പറഞ്ഞു. അവാമി ലീഗിനെ ഇല്ലാതാക്കാനുള്ള ഇടക്കാല സർക്കാരിൻ്റെ ശ്രമമാണിതെന്നും ഹസീന ആരോപിച്ചു. ബംഗ്ലാദേശ് കുറ്റകൃത്യ ട്രിബ്യൂണലാണ് ഹസീനക്ക് തൂക്കുകയർ വിധിച്ചിരിക്കുന്നത്. ഹസീന മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം ചെയ്‌തെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഷെയ്ഖ് ഹസീന ഇപ്പോൾ കഴിയുന്നത് ഇന്ത്യയിലാണ്. ശിക്ഷാവിധിക്കു പിന്നാലെ ബംഗ്ലാദേശിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂട്ടക്കൊല, വധശ്രമം, മനുഷ്യാവകാശ ലംഘനം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഹസീനയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ബംഗ്ലദേശിൽ ഉടനീളം അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ഹസീനയ്ക്ക് ജയിൽ ശിക്ഷയോ വധശിക്ഷയോ വിധിച്ചാൽ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ അവരുടെ പാർട്ടി ആയ അവാമി ലീഗ് ആഹ്വനം ചെയ്തിരുന്നു. അതേ സമയം, തെരുവിൽ ഇറങ്ങുന്നവരെ കർശനമായി നേരിടുമെന്നാണ് ബംഗ്ലദേശിലെ ഇടക്കാല സർക്കാരിന്‍റെ പ്രഖ്യാപനം. ധാക്കയിൽ അക്രമികളെ കണ്ടാലുടൻ വെടിവെക്കാനും ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലൈ 15 നും ഓഗസ്റ്റ് 15 നും ഇടയിൽ നടന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ഹസീനയുടെ സർക്കാർ അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തി എന്നതാണ് ചുമത്തിയിരിക്കുന്ന കുറ്റം. കൊലപാതകം, വധശ്രമം, പീഡനം, മനുഷ്യത്വരഹിതമായ പ്രവൃത്തികൾ എന്നിവയും ചുമത്തിയിട്ടുണ്ട്. 

ബംഗ്ലദേശ് വിട്ട ഹസീന ഇപ്പോൾ ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്. ഹസീന എവിടെ ആയാലും ശിക്ഷ നടപ്പാക്കുമെന്ന് ബംഗ്ലദേശ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. ഹസീനയെ കൈമാറണമെന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

ഷെയ്ഖ് ഹസീനക്ക് വധശിക്ഷ; കപട വിധിയെന്ന് പരിഹസിച്ച് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഹസീന