വയനാട്: മാനന്തവാടിയില്‍ ജില്ലാ ആശുപത്രിക്കായുള്ള കൂറ്റന്‍ മാലിന്യ പ്ലാന്റ് നിര്‍മാണത്തിന് കുഴിയെടുത്തപ്പോള്‍ രൂപപ്പെട്ട മണ്‍കൂന സമീപത്തെ കുടുംബങ്ങളുടെ ഉറക്കം കെടുത്തുന്നു. ആശുപത്രി വളപ്പിന് താഴെയുള്ള കുടുംബങ്ങളാണ് ഭീതിയില്‍ കഴിയുന്നത്. പത്തോളം കുടുംബങ്ങളാണ് ഭീതിയില്‍ കഴിയുന്നത്. പുരയിടങ്ങളില്‍ നിന്ന് നല്ല ഉയരത്തിലുള്ള ആശുപത്രി വളപ്പിലുള്ള മണ്‍കൂന ചെറിയ മഴ പെയ്താല്‍ പോലും താഴെയെത്തുമെന്ന അവസ്ഥയിലാണ്. 

കാറ്റില്‍ പ്രദേശമാകെ പൊടിശല്യവുമുണ്ട്. വേനല്‍ക്കാലമായതിനാല്‍ പൊടിശല്യമായതിനാല്‍ പകല്‍ സമയത്ത് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. മഴയില്‍ മണ്ണ് ഒലിച്ചിറങ്ങുന്നത് വീട്ടിനുള്ളിലേക്കായിരിക്കുമെന്ന് താമസക്കാര്‍ പറയുന്നു. മുമ്പ് ഇവിടെ റോഡ് നിര്‍മിച്ചപ്പോള്‍ സമാന രീതിയില്‍ കൂട്ടിയിട്ട മണ്ണ് ചൂട്ടക്കടവ് റോഡിലേക്ക് ഒലിച്ചിറങ്ങി വാഹന ഗാതഗതം പോലും അസാധ്യമായിരുന്നു. ചെളിയില്‍ മുങ്ങിയതിനാല്‍ ദിവസങ്ങളോളം ഇതുവഴിയുള്ള കാല്‍നടയും തടസ്സപ്പെട്ടു. മഴ പെയ്താല്‍ ഈ സ്ഥിതി ഉണ്ടാകുമെന്നാണ് കുടുംബങ്ങളുടെ പേടി. മണ്ണ് ഉടന്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ല ആരോഗ്യ വകുപ്പിന് പരാതി നല്‍കാനൊരുങ്ങുകയാണ് പ്രദേശവാസികള്‍.