ബുലന്ദ്ഷഹറില്‍ നടന്നത് ആള്‍ക്കൂട്ട കൊലപാതകമല്ലെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ വാദം തള്ളി ഇന്‍സ്‍പെക്ടര്‍ സുബോധ് കുമാർ സിംഗിന്‍റെ കുടുംബം.

ലക്നൗ: ബുലന്ദ്ഷഹര്‍ കലാപത്തില്‍ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ സുബോധ് കുമാറിന്‍റെ മരണത്തിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന് കുടുംബം. അന്വേഷണത്തില്‍ തൃപ്തി ഇല്ലെന്ന് പറഞ്ഞ കുടുംബം ബുലന്ദ്ഷഹറില്‍ നടന്നത് ആള്‍ക്കൂട്ട കൊലപാതകമല്ലെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ വാദം തള്ളി.

സുബോധ് കുമാറിന്‍റേത് കരുതികൂട്ടിയുള്ള കൊലപാതകം. വെടിയേറ്റ് മരിക്കുന്നതിന് മുൻപ് ആയുധങ്ങൾ ഉപയോഗിച്ച് മൂന്ന് തവണ അക്രമിച്ചിട്ടുണ്ട്. സുബോധ് കുമാറിന്‍റെ ശരീരത്തില്‍ 25 മുറിവുകള്‍ ഉണ്ടായിരുന്നെന്ന് മകന്‍ ശ്രേയ പ്രതാപ് സിംഗ് പറഞ്ഞു.

ബുലന്ദ്ഷഹര്‍ കലാപത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗോഹത്യ നടത്തിയതിന്‍റെ പേരിൽ നദീം, റയിസ്, കാലാ എന്നീ മൂന്നു പേരെയും കലാപത്തിന് ആഹ്വാനം ചെയ്തതിന്റെ പേരിൽ സച്ചിൻ സിം​ഗ്, ജോണി ചൗധരി എന്നീ രണ്ട് പേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം ബുലന്ദ്ഷഹര്‍ കലാപം സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയെന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. പശുവിനെ കൊന്ന കേസിലെ പ്രതികളെ പിടികൂടിയതോടെ ഈ ഗൂഢാലോചന പൊളിച്ചെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ഇന്‍സ്പെകടര്‍ ഉള്‍പ്പെടെ രണ്ട് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിടികൂടാതെ പശുവിനെ കൊന്ന കേസിന് പ്രാധാന്യം നല്കുന്നുവെന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.