കനകമലയില്‍ നിന്ന് പിടിയിലായ പാനൂര്‍ അണിയാരത്തെ മന്‍സീദ് വെള്ളിയാഴ്ച്ചയാണ് ഖത്തറില്‍ നിന്ന് 10 ദിവസത്തെ അവധിക്ക് നാട്ടിലെത്തിയത്. വീടുമായി നല്ല ബന്ധമുള്ള മന്‍സീദ്, പ്രമുഖരെ വധിക്കാന്‍ ലക്ഷ്യമിട്ട തീവ്രവാദ ഗൂഢാലോചനക്കേസില്‍ ഉള്‍പ്പെടില്ലെന്ന ഉറച്ച നിലപാടിലാണ് ബന്ധുക്കള്‍. കെണിയില്‍ പെട്ടതാവാമെന്നും അല്ലാതെ ഒരിക്കലും ഇത്തരം കാര്യങ്ങള്‍ മന്‍സീദ് ചെയ്യില്ലെന്നും സഹോദരി പറഞ്ഞു. നാട്ടിലേക്ക് വരുന്നതിനിടെ നെടുമ്പാശേരിയില്‍ വെച്ച് ഇവരുടെ ഇലക്ട്രോണിക് ടാബ്ലറ്റ് നഷ്‌ടമായിരുന്നു. ഇക്കാര്യം നെടുമ്പാശേരി പോലീസില്‍ അറിയിച്ചിരുന്നെന്നും ബാക്കി കാര്യങ്ങള്‍ അറിയില്ലെന്നും മന്‍സീദിന്റെ ഭാര്യ പറഞ്ഞു.

അതേസമയം ഐ.എസ് ബന്ധത്തിന് പിടിയിലായ കുറ്റ്യാടി സ്വദേശികളായ റംഷാദിന്റെയും ജാസിമിന്റെയും വീടുകള്‍ അടഞ്ഞ് കിടക്കുകയാണ്. ഇരുവരും വിദ്യാര്‍ത്ഥികളാണ്. ഇരുവര്‍ക്കും ഐ.എസ് ബന്ധമുള്ളത് വിശ്വസിക്കാനാവുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. തീരൂര്‍ സ്വദേശിയായ സഫ്‍വാന്‍ കോഴിക്കോട്ടെ ഒരു പത്രത്തില്‍ ഗ്രാഫിക് ഡിസൈനറാണ്. കനകമലയിലേക്ക് ടൂര്‍ പോവുകയാണെന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് രാത്രി വീട്ടില്‍ പൊലീസ് പരിശോധനക്കായി എത്തിയപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്.

ഇവര്‍ക്ക് പുറമെ ചേലക്കര സ്വദേശി സാലിഹിനെയും അറസ്റ്റ് ചെയ്തിരുന്നു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് എന്‍.ഐ.എ വ്യക്തമാക്കിയിരുന്നു. അതേസമയം അത്രയൊന്നും പ്രചാരമില്ലാത്ത കനകമല തീവ്രവാദികള്‍ താവളമാക്കിയെന്ന വിവരം കനകമലക്ക് സമീപത്തെ നാട്ടുകാരെയും ഞെട്ടിച്ചിട്ടുണ്ട്. രണ്ട് തവണകളിലായി ആറുപേരാണ് ഐ.എസ് ബന്ധത്തിന് പാനൂര്‍ മേഖലയില്‍ നിന്ന് എന്‍.ഐ.എയുടെ പിടിയിലായത് എന്നത് തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പുകള്‍ ഇവിടം കേന്ദ്രമാക്കുന്നുവെന്ന ആശങ്കയും ഇവരിലുണ്ടാക്കിയിട്ടുണ്ട്.