മരിച്ചത് അച്ഛനും രണ്ട് പെണ്‍മക്കളും അമ്മ നേരത്തേ എയ്ഡ്സ് ബാധിച്ച് മരിച്ചിരുന്നു

ഗോരഖ്പൂര്‍: എച്ച്.ഐ.വി ബാധിതരാണെന്ന സംശയത്തെ തുടര്‍ന്ന് ഖുഷിനഗറില്‍ അച്ഛനും രണ്ട് പെണ്‍മക്കളും ആത്മഹത്യ ചെയ്തു. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ എച്ച്.ഐ.വി പോസിറ്റീവാണെന്ന് തിരിച്ചറിഞ്ഞ ശേഷമാണ് കുടുംബം ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്നും മൂവരും അസുഖബാധിതരാണെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. മരിച്ച ഇരുപത്തിയൊന്നുകാരി വിവാഹിതയാണെങ്കിലും എച്ച്.ഐ.വി ബാധ കണ്ടെത്തിയെന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ വീട്ടുകാര്‍ നേരത്തേ മടക്കി അയച്ചിരുന്നു. 

മരിച്ച രണ്ടാമത്തെ പെണ്‍കുട്ടി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഇവരുടെ അമ്മ എയ്ഡ്‌സ് ബാധിച്ച് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. മറ്റ് കുടുംബാംഗങ്ങള്‍ക്കും അസുഖം പകര്‍ന്നിട്ടുണ്ടെന്ന അഭ്യൂഹം പരന്നതോടെ പരിശോധന നടത്തുകയും റിപ്പോര്‍ട്ട് പോസിറ്റീവായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.