Asianet News MalayalamAsianet News Malayalam

പറയൂ, ഇനി ഞങ്ങളെന്ത് ചെയ്യണം, വില്ലേജ് ഓഫീസ് തീയിട്ട കേസിലെ പ്രതിയുടെ കുടുംബം ചോദിക്കുന്നു

  • വില്ലേജ് ഓഫീസ് തീയിട്ട കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ രവിയുടെ കുടുംബം ചോദിക്കുന്നു
family of the man who put fire on village office

തിരുവനന്തപുരം: 'ഗതി കെട്ടാണ് അച്ഛന്‍ കോടതിയെ സമീപിച്ചത്. കോടതിയില്‍നിന്ന് അനുകൂല വിധി ഉണ്ടായി. എന്നാല്‍, കോടതി പറയുന്നത് പോലൊന്നും ചെയ്യാന്‍ പറ്റില്ലെന്നാണ് ഉദ്യോഗസ്ഥര്‍ വാശി പിടിക്കുന്നത്. ആ സാഹചര്യത്തില്‍, ഒരു സാധാരണ മനുഷ്യന്‍ മറ്റെന്ത് ചെയ്യാനാണ് ?' 

പറയുന്നത് കനകദാസന്‍. എറണാകുളം ജില്ലയിലെ മുളന്തുരുത്തി ആമ്പല്ലൂര്‍ വില്ലേജ് ഓഫീസ് തീയിട്ട കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ കാഞ്ഞിരമറ്റം പാലക്കുന്നുമല ചക്കാലപ്പറമ്പില്‍ രവിയുടെ മകന്‍. പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ രവിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് ചാര്‍ജ്ജ് ചെയ്ത സാഹചര്യത്തില്‍, തന്റെ കുടുംബം അനുഭവിക്കുന്ന കടുത്ത മാനസിക സമ്മര്‍ദ്ദത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുകയായിരുന്നു കനക ദാസന്‍. 

കഴിഞ്ഞ തിങ്കളാഴ്ചയാണ്  രവി ആമ്പല്ലൂര്‍ വില്ലേജ് ഓഫീസില്‍ എത്തി ഫയലുകള്‍ക്ക് തീയിട്ടത്. അവിടെയുണ്ടായിരുന്ന വില്ലേജ് അസിസ്റ്റന്റും സ്വീപ്പറും ചേര്‍ന്ന് തീയണച്ചതിനാല്‍ ഫയലുകള്‍ ഭാഗികമായി മാത്രമേ കത്തിനശിച്ചുള്ളൂ. പിന്നീട് രവി പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. ഒന്നും രണ്ടുമല്ല, പതിനഞ്ച് വര്‍ഷമായി സ്വന്തം ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിച്ചു കിട്ടുന്നതിനായി എഴുപതുകാരനായ രവി സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങുകയാണ്. അധികാരികളില്‍നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായപ്പോഴാണ് നിസ്സഹായനായ രവി ഇത്തരത്തിലൊരു സാഹസപ്രതികരണത്തിന് മുതിര്‍ന്നതെന്ന് മകന്‍ പറയുന്നു. 

1982 ല്‍ 240 രൂപ കൊടുത്ത് വാങ്ങിയ വസ്തുവിന്റെ കൈവശ രേഖയ്ക്കായാണ് രവി ഒന്നര പതിറ്റാണ്ടായി അലയുന്നത്. പാടവും ചിറയും ഉള്‍പ്പെടുന്ന ഈ വസ്തുവിന് കൃത്യമായി കരമടക്കുകയും ചെയ്തിരുന്നു. പിന്നീട് 2003 ല്‍ ഭൂമിക്ക് വിലകൂടിയ സമയത്ത് ആ വസ്തു വില്‍ക്കാന്‍ തീരുമാനിച്ചു. കൈവശരേഖ ഒഴികെ ആധാരവും കരമടച്ച രസീതുമുണ്ടായിരുന്നു ഇവരുടെ പക്കല്‍. കൈവശരേഖയ്ക്കായി വില്ലേജ് ഓഫീസില്‍ ചെന്നപ്പോഴാണ് അവിടത്തെ രേഖകളിലൊന്നും ഈ സ്ഥലത്തക്കുറിച്ചുള്ള വിവരങ്ങളില്ല എന്നറിയുന്നത്. അന്നുമുതല്‍ ഈ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉറപ്പിക്കുന്നതിനായി രവി ഓടിനടക്കുകയാണ്. പതിനഞ്ച് കൊല്ലം മുമ്പ് ലാന്‍ഡ് റെക്കോര്‍ഡ് കറക്റ്റ് ചെയ്തതാണ് പ്രശ്‌നത്തിന്റെ തുടക്കമെന്നും ഹൈക്കോടതി ഇടപെട്ട് അനുകൂല വിധി ലഭിച്ചിട്ടും ഉദ്യോഗസ്ഥര്‍ ഗൗനിക്കാതിരുന്നതാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്നുമാണ് രവി പറയുന്നത്. 

അന്നത്തെ മുഖ്യമന്ത്രിയുടെ സുതാര്യകേരളം പരിപാടിയില്‍ ഈ വിഷയം കാണിച്ച് കത്തയച്ചിരുന്നു. പതിമൂന്ന് കൊല്ലമായി ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ അടുത്ത് പോയിട്ടും നടക്കാത്തത് കൊണ്ടാണ് രണ്ടു വര്‍ഷം മുമ്പ് ഹൈക്കോടതിയില്‍ പോയത്. 2017 ജൂലൈയിലെ ഹൈക്കോടതി വിധിയില്‍ ആറാഴ്ചയ്ക്കുള്ളില്‍ ഈ പ്രശ്‌നം പരിഹരിക്കണമെന്ന് വ്യക്തമായി പറഞ്ഞിരുന്നു. എന്നിട്ടും ഉദ്യോഗസ്ഥര്‍ അതിന് തയ്യാറായില്ല. കോടതി വിധി പ്രകാരം തിരുത്തിക്കൊടുത്താല്‍, തെറ്റ് നേരത്തെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടേതാണെന്ന് പുറത്താവും. അതാണ് ഈ കടുംപിടിത്തത്തിന്റെ രഹസ്യമെന്ന് കനകദാസന്‍ പറയുന്നു. 

രണ്ടിടത്തായിട്ടാണ് രവിയുടെ സ്ഥലം സ്ഥിതി ചെയ്യുന്നത്. താമസിക്കുന്ന പുരയിടം ഉള്‍പ്പെടെയുള്ള 27 സെന്റ് ഭൂമിയും പാടവും ചിറയുമുള്ള മറ്റൊരു വസ്തുവും. ഉടമസ്ഥ പ്രശ്‌നം നിലനില്‍ക്കുന്നത് രണ്ടാമത്തെ വ്‌സ്തുവിലാണെന്നിരിക്കെ, പുരയിടവും വസ്തുവും അളക്കാനാണ് റവന്യൂ ഉദ്യോഗസ്ഥര്‍ എത്തിയത്. ഭാഗികമായി ഹൈക്കോടതി വിധി നടപ്പിലാക്കി എന്ന റിപ്പോര്‍ട്ടും തയ്യാറാക്കി. വെറും പ്രഹസനം എന്ന നിലയിലാണ് ഉദ്യോഗസ്ഥര്‍ ജോലി പൂര്‍ത്തിയാക്കിയതെന്ന് കനകദാസന്‍ ആരോപിക്കുന്നു. 'ഹൈക്കോടതി വിധിയൊക്കെ വരും. അതു വെച്ച് പറയുന്നത് പോലൊന്നും ചെയ്തു തരാന്‍ പറ്റില്ല. ഞങ്ങള്‍ക്ക് മേലധികാരികള്‍ പറയുന്നത് അനുസരിച്ചേ മതിയാകൂ എന്നായിരുന്നു സര്‍വ്വേയര്‍ പറഞ്ഞത്'. - കനകദാസന്‍ അക്കാര്യം വ്യക്തമാക്കുന്നു. 

'എത്ര വര്‍ഷങ്ങളായി അച്ഛന്‍ ഈ ഓഫീസുകള്‍ കയറിയിറങ്ങി നടക്കുന്നു എന്നറിയാമോ ? പെട്ടെന്നുണ്ടായ വികാരവിക്ഷോഭത്തില്‍ ചെയ്തുപോയതാണ്. ഹൈക്കോടതി വിധിയെപ്പോലും മാനിക്കാന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥരെക്കുറിച്ച് എന്താണ് പറയേണ്ടത്. അച്ഛന്‍ ചെയ്തതിനെ ന്യായീകരിക്കുകയല്ല. സര്‍ക്കാരിന്റെ കാരുണ്യത്തിന് വേണ്ടി ഓഫീസുകള്‍ കയറിയിറങ്ങുന്ന ഒരു സാധാരണക്കാരന്റെ അവസ്ഥയെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. എല്ലാക്കാര്യങ്ങള്‍ക്കും വേണ്ടി ഓടിനടന്നത് അച്ഛനാണ്. ജോലി കളഞ്ഞ് ഇതിന് പുറകെ നടക്കാന്‍ പോയാല്‍ എന്തുചെയ്യും ? മാത്രമല്ല സര്‍വ്വെ കാര്യങ്ങള്‍ എല്ലാം തന്നെ അച്ഛനറിയുകയും ചെയ്യാം. ഹൈക്കോടതി വിധി വന്നതോടെ ഞങ്ങളെല്ലാവരും സമാധാനമായി ഇരിക്കുകയായിരുന്നു. അപ്പോഴാണ് പത്താം തീയതി വന്ന് അവര്‍ കാട്ടിക്കൂട്ടല്‍ നടത്തിയിട്ട് പോയത്'-കനകദാസന്റെ വാക്കുകള്‍ രവി അനുഭവിച്ച മാനസിക സമ്മര്‍ദ്ദത്തിന്റെ ആഴം വ്യക്തമാക്കുന്നു.

ഈ സംഭവം വാര്‍ത്തയായതോടെ സമാന അനുഭവത്തിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന പലരും തങ്ങളെ വിളിച്ചു സംസാരിച്ചതായി കനകദാസന്‍ പറയുന്നു. പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ രവിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുകയാണ്. ജനങ്ങളെ സേവിക്കേണ്ടവരില്‍ നിന്ന് നേരിടേണ്ടി വന്ന അനീതിയുടെ പേരില്‍ കടുത്ത മാനസ്സികസമ്മര്‍ദ്ദത്തിലായിരിക്കുകയാണ് ഈ കുടുംബം. 

കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലാണ് തിരുവനന്തപുരത്ത് വെള്ളറട വില്ലേജ് ഓഫീസ് കത്തിച്ചതിന്റെ പേരില്‍ ടാപ്പിംഗ് തൊഴിലാളിയായ സാംകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്ത് ശിക്ഷിച്ചത്. വില്ലേജ് ഓഫീസില്‍ പല തവണ കയറിയിറങ്ങിയിട്ടും വസ്തു പോക്കുവരവ് ചെയ്തു തരാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകാത്തതും കൈക്കൂലി ആവശ്യപ്പെട്ടതുമാണ് സാംകുട്ടിയെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചത്. പിന്നീട് സാംകുട്ടിയുടെ വസ്തുവിന്‍ മേലുള്ള പ്രശ്‌നങ്ങള്‍ വില്ലേജ് അധികൃതര്‍ പരിഹരിച്ചു കൊടുക്കുകയും ചെയ്തിരുന്നു. 

കോഴിക്കോട് ചെമ്പനോടയില്‍ ജോയ് എന്ന കര്‍ഷകന്‍ വില്ലേജ് ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ചിരുന്നു. കരമടച്ച രസീത് തരാന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചതായിരുന്നു ജോയിയുടെ ആത്മഹത്യയ്ക്ക് കാരണം. കേവലമൊരു രസീതിനായി മൂന്നു വര്‍ഷമാണ് ജോയി ഓഫീസില്‍ കയറിയിറങ്ങിയത്. 
 

Follow Us:
Download App:
  • android
  • ios