ആണ്‍മക്കളില്ലാത്ത പിതാവിന്‍റെ ആഗ്രഹപ്രകാരമാണ് പെണ്‍മക്കള്‍ ശവമഞ്ചം ചുമന്നതും സംസ്ക്കാര ചടങ്ങുകള്‍ക്ക് ചുക്കാന്‍ പിടിച്ചതും
ജയ്പൂര്‍: പിതാവിന്‍റെ ശവസംസ്ക്കാര ചടങ്ങുകള്‍ പെണ്‍മക്കള്‍ നടത്തിയതിന് കുടുംബത്തിന് സമുദായ വിലക്ക്. രാജസ്ഥാനിലെ ബുന്ദി ജില്ലയിലാണ് സംഭവം. ആണ്‍മക്കളില്ലാത്ത പിതാവിന്‍റെ ആഗ്രഹപ്രകാരമാണ് പെണ്‍മക്കള്‍ ശവമഞ്ചം ചുമന്നതും സംസ്ക്കാര ചടങ്ങുകള്‍ക്ക് ചുക്കാന്‍ പിടിച്ചതും. പിതാവിന്‍റെ ശവസംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുക്കരുതെന്ന റൈഗര്‍ സമുദായ പഞ്ചായത്തിന്‍റെ വിധി ധിക്കരിച്ചായിരുന്നു യുവതികള്‍ പങ്കെടുത്തത്. സംസ്കാര ചടങ്ങിന് ശേഷം സമുദായത്തിന്‍റെ ഹാളിലാണ് സാധാരണയായി എല്ലാവരും കുളിക്കാറ്.
എന്നാല്‍ യുവതികള്‍ക്ക് ഹാളും മരിച്ചവരുടെ വീടുകളില്‍ സമുദായത്തിന്‍റെ വകയായി എത്തിക്കേണ്ട ഭക്ഷണവും നിഷേധിച്ചു. പിതാവിന്‍റെ ആഗ്രഹം നിറവേറ്റിയതിന് തങ്ങളെ കുറ്റക്കാരാക്കി. സമുദായ നേതാക്കള്‍ മാപ്പിരക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലാത്തതിനാല്‍ മാപ്പിരക്കില്ലെന്ന് യുവതികള്‍ വ്യക്തമാക്കി. അതേസമയം പെണ്‍കുട്ടികള്‍ക്ക് വേണ്ടി തങ്ങള്‍ മാപ്പുചോദിച്ചെന്നും എന്നാല്‍ സമുദായ നേതാക്കള്‍ ചെവിക്കൊണ്ടില്ലെന്നും യുവതികളുടെ അമ്മാവന്‍ പറഞ്ഞു.
