ഗുജറാത്ത്: മൽസ്യബന്ധനത്തിനിടെ ഗുജറാത്തിനു സമീപം ഉൾക്കടലിൽ കൊച്ചുതുറ സ്വദേശി മരിച്ചു. മൃതദേഹം നാട്ടിലെത്തിക്കാൻ ബന്ധപ്പെട്ടവരോടു സഹായം അഭ്യർഥിച്ചപ്പോൾ അവർ കൈ മലർത്തിയതായി ബന്ധുക്കള്‍ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ചു കൊച്ചുതുറയിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. പൂവാറിനു സമീപം കൊച്ചുതുറ അടുമ്പു തെക്കേക്കരയിൽ രാജുമോൻ (38)ആണു മരിച്ചത്.

ശനിയാഴ്ച്ച രാവിലെയാണു രാജു മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിക്കുന്നത്. അപ്പോൾ തന്നെ വാർഡു മെമ്പർ ബിജു പൗളിന്റെ നേതൃത്വത്തിൽ ഫിഷറീസ് മന്ത്രി, ഫിഷറീസ് വകുപ്പ് ഉന്നതോദ്യോഗസ്ഥർ, കലക്ടർ തുടങ്ങിയവരെ വിവരം അറിയിച്ചെങ്കിലും അവർക്ക് ഒന്നും ചെയ്യാനാവില്ലെന്ന മറുപടിയാണത്രേ ലഭിച്ചത്. തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബോട്ടായതാണു സഹായം നിരസിക്കാനുള്ള കാരണമെന്നറിയുന്നു.

മരണം സംഭവിച്ചു കഴിഞ്ഞയുടൻ മൽസ്യബന്ധനം ഉപേക്ഷിച്ചു ബോട്ടു മടക്കയാത്ര തുടങ്ങിയെന്നു രാജുവിന്റെ ബന്ധുക്കൾ പറയുന്നത്. നാട്ടിലെത്താൻ കുറഞ്ഞത് ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണു കരുതുന്നത്. അത്രയും നാൾ മൃതദേഹം അഴുകാതെ ഇരിക്കുമോയെന്ന ആശങ്കയിലാണു ബന്ധുക്കൾ. മൃതദേഹം ബോട്ടിൽ സൂക്ഷിക്കാനുള്ള സംവിധാനങ്ങൾക്കു പരിമിതിയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

നേവിയുടെ ഹെലികോപ്റ്റർ ഉപയോഗിച്ചോ അല്ലെങ്കിൽ മറ്റേതെങ്കിലും മാർഗങ്ങൾ സ്വീകരിച്ചോ മൃതദേഹം അഴുകാതെ നാട്ടിലെത്തിക്കണമെന്നതാണു ബന്ധുക്കളുടെ അഭ്യർഥന. ഇത് അധികൃതർ നിരസിച്ചതോടെ എന്തു ചെയ്യണമെന്ന് അറിയാതെ തളർന്നിരിക്കുകയാണു ബന്ധുക്കൾ. ലിസിയാണു ഭാര്യ. എട്ടാം ക്ലാസ് വിദ്യാർഥിനി പൂജ മകളാണ്. ഈ മാസം 11ന് കർണാടകയിലെ മലപ്പയിൽ നിന്നുമാണ് തൂത്തൂർ സ്വദേശിയുടെ ‘എബ്രഹാം’ എന്ന ബോട്ടിൽ രാജു ഉൾപ്പെടുന്ന സംഘം മീൻപിടിക്കാൻ പോയത്. 

∙ രാജുവിന്റെ മരണം സംബന്ധിച്ച് ബന്ധുക്കൾക്കു ലഭിച്ച വിവരം

മൽസ്യബന്ധനത്തിനിടെ രാജുവിനു കടുത്ത വയറിളക്കമുണ്ടായി എന്നാണു ബോട്ടിലുള്ളവർ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്. പിന്നീട് തളർന്നു വീണ രാജു പരസ്പര ബന്ധമില്ലാതെ സംസാരിക്കുകയും മണിക്കൂറുകൾക്കുള്ളിൽ തന്നെ മരിക്കുകയുമായിരുന്നത്രേ. രാജുവിനൊപ്പം മൽസ്യബന്ധനത്തിലേർപ്പെട്ടിരുന്ന മറ്റു ചിലർക്കും വയറിളക്കം പിടിപെട്ടതായി സൂചനയുണ്ട്. എന്നാൽ ഇക്കാര്യത്തിലൊന്നും സ്ഥിരീകരണമില്ല. എന്താണു സംഭവിച്ചതെന്ന് ബോട്ട് നാട്ടിലെത്തിയാലേ അറിയാൻ കഴിയൂവെന്നും മരണകാരണം പോസ്റ്റുമോർട്ടത്തിനു ശേഷമേ പറയാമെന്നും പൊലീസും പ്രതികരിച്ചു.