Asianet News MalayalamAsianet News Malayalam

അർജന്റീനയുടെ തോൽവി: കേരളത്തിലെ ആരാധകരും നിരാശയിൽ

  • പ്രീക്വാര്‍ട്ടര്‍ കടക്കുമോ എന്ന ആശങ്കയില്‍ അര്‍ജന്‍റീന ആരാധകര്‍, പരാജയം ആഘോഷിച്ച് ബ്രസീല്‍ ആരാധകര്‍ 
Fans disappointed in Argentinas defeat

മലപ്പുറം: ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ അർജന്റീന ദയനീയമായി പരാജയപ്പെട്ടതിന്റെ ആഘാതത്തിലാണ് ലോകമെമ്പാടുമുള്ള അർജന്റീന-മെസ്സി ആരാധകർ. ഫുട്ബോളിനെ നെഞ്ചേറ്റിയ കേരളത്തിലെ പ്രത്യേകിച്ച മലബാറിലെ ഫുട്ബോൾ പ്രാന്തൻമാരും അർജന്റീനയുടെ  അപ്രതീക്ഷിത തോൽവിയിൽ അമ്പരന്നിരിക്കുകയാണ്.  ഇന്നലത്തെ തോൽവിയോടെ മെസ്സിയും സംഘവും ഇനി പ്രീക്വാർട്ടർ കടക്കുമോ എന്ന ആശങ്കയും ഇവർക്കുണ്ട്. 

അർജന്റീന/ബ്രസീൽ ടീമുകളുടെ മത്സരത്തിനുണ്ടാവുന്ന പതിവ് ആവേശത്തോടെയാണ് ഇന്നലെ ഫുട്ബോൾ ഭ്രാന്തൻമാർ കളി കാണാനിരുന്നത്. മലബാറിൽ മിനി പ്രൊജക്ടറിൽ കളി കാണിച്ച സ്ഥലങ്ങളിലേക്ക് കൊട്ടും പാട്ടുമായിട്ടായിരുന്നു അർജന്റീന ആരാധകരുടെ എൻട്രി. 

നല്ലൊരു വിജയം കാര്യങ്ങൾ അത്രയും മോശമായാൽ മാത്രം ഒരു സമനില അതിലേറെയൊന്നും ഒരു അർജന്റീന ആരാധകനും ഇന്നലെ കണക്കുകൂട്ടിയിരുന്നില്ല. ​എന്നാൽ ഗോൾരഹിത സമനിലയ്ക്ക് ശേഷമുള്ള രണ്ടാം പകുതിയിൽ ക്രൊയേഷ്യ അടിച്ചു ​കൂട്ടിയ ഗോളെല്ലാം ചെന്നു പതിച്ചത് അർജന്റീന ആരാധകരുടെ നെഞ്ചത്തേക്കായിരുന്നു. 

ക്രൊയേഷ്യയുടെ ആദ്യ ഗോളോടെ ആര്‍ജന്റീന ആരാധകരുടെ ആവേശവും ആരവങ്ങളും ആശങ്കയിലേയ്ക്കും നിരാശയിലേക്കും വഴിമാറി. അതുവരെ നിഷ്പക്ഷരായി നിന്നു കളി കണ്ട ബ്രസീൽ ആരാധകർക്ക് ജീവൻ വച്ചു. മെസിയും സം​ഘവും തിരിച്ചടിക്കുമെന്നും ലീഡ് പിടിക്കുമെന്നുമുള്ള പ്രതീക്ഷകളും അസ്ഥാനത്തായി. എക്സ്ട്രാ ടൈമിൽ മൂന്നാമത്തെ ​ഗോളും കൂടിയായതോടെ ചിത്രം പൂര്‍ണമായി.

വാട്സാപ്പിൽ അതുവരെ മെസിയ്ക്കും സംഘത്തിനായി ആവേശം മുഴക്കിയവർ ഡാറ്റ ഓഫാക്കി കളമൊഴിഞ്ഞു. കൂട്ടമായി കളി കാണാനെത്തിയവർ വേ​ഗം വീട്ടിലേക്ക് മടങ്ങി. ഇതേസമയം മറുവശത്ത് അർധാരാത്രിയിലും അർജന്റീനയുടെ പരാജയം ആഘോഷിക്കുകയായിരുന്നു ബ്രസീൽ ആരാധകർ. കളി തോറ്റ സങ്കടത്തിൽ നേരത്തെ വീട്ടിലേക്ക് മടങ്ങിയ അർജന്റീന ആരാധകർക്ക് രാവിലെ കാണാനായി പരാമവാധി ട്രോളുകളും അവർ രാത്രിയ്ക്ക് രാത്രി വാട്സാപ്പിലും ഫേസ്ബുക്കിലുമായി എത്തിച്ചു കൊടുത്തു. 
 

Follow Us:
Download App:
  • android
  • ios