പലിശ പെരുകിയപ്പോള്‍ മകനെയും പണയം വച്ചു പണം തിരിച്ചടക്കാനാവാതെ കര്‍ഷകന്‍ ജീവനൊടുക്കി

ഭോപ്പാല്‍: മകനെ പണയംവച്ച് വായ്പയെടുത്തിട്ടും കാര്‍ഷിക ലോണടയ്ക്കനാവാത്തതില്‍ മനം നൊന്ത് കര്‍ഷകനായ പിതാവ് ജീവനൊടുക്കി. ഭോപ്പാല്ലിലെ പട്ടോഡ ഗ്രാമത്തിലെ കാർകുന്ദ് (42) ആണ് ആത്മഹത്യ ചെയ്തത്. കാർകുന്ദ് നേരത്തെ സഹകരണ സൊസൈറ്റിയിൽനിന്നും രണ്ടര ലക്ഷം രൂപ കാര്‍ഷിക ലോണ്‍ എടുത്തിരുന്നു. ഇത് തിരിച്ചടക്കാനാവാതെ പലിശ പെരുകിയപ്പോള്‍ മകനെയും പണയം വയ്ക്കുകയായിരുന്നു.

മാസതവണ തിരിച്ചടക്കാനാവാതെ പലിശ പെരുകിയപ്പോഴാണ് പതിനേഴുകാരനായ മകനെ ഗ്രാമത്തിൽ ഒട്ടകത്തെ വളർത്തുന്ന ആളുടെ വീട്ടിൽ പണിക്കു നിർത്തി അയാളില്‍ നിന്നും പണം കടം വാങ്ങിയത്. എന്നാല്‍ വീണ്ടും പലിശ പെരുകിയതോടെ ബാങ്ക് പണമടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചു. ഒന്നരലക്ഷം രൂപ പലിശയടക്കം അടയ്ക്കണമെന്നായിരുന്നു നോട്ടീസ്. ഇതോടെ കാര്‍കുന്ദ് ജീവനൊടുക്കുകയായിരുന്നു.

സംഭവത്തില്‍ മുഖ്യമന്ത്രി ശിവ്‌രാജ്സിങ് ചൗഹാൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കര്‍ഷകന്‍റെ മരണത്തില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ വലിയ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. കർഷകന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ ഉടനെ നൽകണമെന്നാണ് പ്രതിപക്ഷ നേതാവ് അജയ് സിങ് ആവശ്യപ്പെട്ടത്. എന്നാല്‍ എന്നാൽ കാർകുന്ദിന്റെ വായ്പ കുടിശിക 90,000 രൂപയായിരുന്നുവെന്നും ഇതിൽ 34,000 രൂപ ഒഴികെയുള്ള തുക സർക്കാർ സഹായമായി നൽകിയെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.