വിളകള്‍ വില്‍ക്കാന്‍ എത്തിയ കര്‍ഷകന്‍ കുഴഞ്ഞ് വീണ് മരിച്ചു

ഭോപ്പാല്‍: വിളകള്‍ വില്‍ക്കാന്‍ കൊടും ചൂടില്‍ ചന്തയില്‍ നാല് ദിവസം കാത്തുനിന്ന കര്‍ഷകന്‍ കുഴഞ്ഞു വീണ് മരിച്ചു. മധ്യപ്രദേശിലെ വിധിഷയിലെ ബിജുഖെഡി ഗ്രാമത്തിലെ മൂള്‍ചന്ദ് മൈന എന്ന കര്‍ഷകനാണ് സ്വന്തം വിളകള്‍ വില്‍ക്കാന്‍ ചന്തയില്‍ വച്ച് മരിച്ചത്. 

അച്ഛന്‍ വിളകള്‍ വില്‍ക്കാനാണ് ചന്തയില്‍ പോയത്. തുടര്‍ന്ന് നാല് ദിവസമാണ് അദ്ദേഹം അത് വില്‍ക്കാനായി കാത്തിരുന്നത്. ഒടുവില്‍ അദ്ദേഹം കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നുവെന്ന് മകന്‍ നര്‍മദ പ്രസാദ് പറഞ്ഞു.

അതേസമയം കര്‍ഷകരെല്ലാം മന്ദി മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്കായി ഒരേ സമയം എത്തിയതാണ് അപകടത്തിന് കാരണമായതെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അശോക് മാഞ്ചി പറഞ്ഞു. മരിച്ച കര്‍ഷകന്റെ കുടുംബത്തിന് 4 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും മാഞ്ചി അറിയിച്ചു. 

തളര്‍ച്ചയെ തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് ലത്തേരി പോലിസും വ്യക്തമാക്കി. അതേസമയം, കര്‍ഷകന്റെ മരണം സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതകൊണ്ടാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കര്‍ഷകര്‍ക്ക് തങ്ങളുടെ വിള വില്‍ക്കാന്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അവര്‍ പറഞ്ഞു. 

Image Credits: Patrika, camera24