ഇടുക്കി: പരമ്പരാഗത ക്യഷി അന്യംനിന്ന് പോകാതെ പുതുതലമുറകള്‍ക്ക് പകര്‍ന്ന് നല്‍കി വയനാട്ടില്‍ നിന്നൊരു യുവകര്‍ഷകന്‍. മാനന്തവാടി, ഞെളിയംപറമ്പില്‍ ഷാജിയാണ് അപൂര്‍വ്വമായ വിത്തുശേഖരവും നാടന്‍ കൃഷിയറിവുകളും പുതുതലമുറയ്ക്കായി പങ്കുവയ്ക്കുന്നത്. 2014ല്‍ മികച്ച യുവകര്‍ഷകനുള്ള കേന്ദ്രസര്‍ക്കാര്‍ അവാര്‍ഡ് നേടിയ ഷാജി രണ്ട് പതിറ്റാണ്ട് മുമ്പാണ് ഇടുക്കിയില്‍ നിന്ന് വയനാട്ടിലേക്ക് കുടിയേറുന്നത്.

അന്യം നിന്നുകൊണ്ടിരിക്കുന്ന നെല്ല്, കിഴങ്ങ് തുടങ്ങിയ പരമ്പരാഗത ഇനങ്ങളെ സംരക്ഷിക്കാന്‍ തന്‍റെ കൃഷിയിടവും അദ്ധ്വാനവും നീക്കി വച്ച ഷാജി ആവശ്യമുള്ളവര്‍ക്കെല്ലാം വിത്തുകള്‍ തപാല്‍ വഴി അയച്ചു നല്‍കുന്നു. അപൂര്‍വ്വമായ 42 ഇനം നെല്ലിനങ്ങളാണ് ഷാജിയുടെ നാല് ഏക്കര്‍ പാടശേഖരത്തില്‍ നൂറുമേനി വിളവൊരുക്കി നില്‍ക്കുന്നത്. ജീരകശാലയും ഗന്ധകശാലയുമൊക്കെ ഷാജിയുടെ പാടത്ത് വര്‍ഷങ്ങളായി വിളയുന്നു.

രാജഭരണകാലത്ത് രാജകുടുംബാംഗങ്ങള്‍ സൗന്ദര്യം നിലനിര്‍ത്താന്‍ കഴിച്ചിരുന്ന നെല്ലിനങ്ങളായ രക്തശാലിയും കുങ്കുമശാലിയുമൊക്കെ ഷാജിയുടെ പാടത്തെത്തുമ്പോള്‍ സാധാരണക്കാരന്‍റെ ഭക്ഷണമാകുന്നു. വയനാട്ടില്‍ മാത്രം വിളയുന്ന നെല്ലിനങ്ങളും ഷാജി സംരക്ഷിച്ചിട്ടുണ്ട്. 200 ഇനം കിഴങ്ങുവിളകളാണ് ഷാജിയുടെ രണ്ടേക്കര്‍ പുരയിടത്തിലെ മറ്റൊരു വിസ്മയം. ആദിമനിവാസികള്‍ ഭക്ഷണമാക്കിയിരുന്ന നാരോകിഴങ്ങും പുല്ലത്തിക്കിഴങ്ങും നൂറൊ കിഴങ്ങുമൊക്കെ ഷാജിയുടെ കൃഷിയിടത്തിലൂടെയാണ് നാടറിയുന്നത് തന്നെ. 

ഞൊടിയിട നേരം കൊണ്ട് രക്തസ്രാവത്തെ പിടിച്ചു നിര്‍ത്താന്‍ ശേഷിയുള്ള ചോരക്കാച്ചിലും അസംഖ്യം ചേമ്പ്, ചേന ഇനങ്ങളും ഷാജിയുടെ കാര്‍ഷിക സമ്പത്തിന് മുതല്‍ക്കൂട്ടാണ്. അപൂര്‍വ്വമായ വിത്തുകളും വിളകളും പരിചയപ്പെടുത്താന്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രദര്‍ശനങ്ങളും ക്ലാസുകളും സംഘടിപ്പിച്ചിട്ടുള്ള ഷാജി കൃഷി വിഷയമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കാര്‍ഷിക സര്‍വ്വകലാശാലകളിലും നിത്യസന്ദര്‍ശകനും സന്ദര്‍ശക അദ്ധ്യാപകനുമാണ്. 

പരമ്പരാഗത കര്‍ഷകരില്‍ നിന്നും പഴമക്കാരില്‍ നിന്നുമാണ് ഷാജി നാടന്‍ വിത്തിനങ്ങള്‍ നേടിയെടുത്തത്. ഈ വിത്തുകള്‍ സംരക്ഷിക്കുന്നതിനൊപ്പം ഇവയുടെ പ്രചാരണം തന്‍റെ ഉത്തരവാദിത്തമായി ഷാജി ഏറ്റെടുത്തിരിക്കുന്നു. 2017 ല്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്‍റെ ഈ രംഗത്തെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് ഷാജിയ്ക്ക് ലഭിക്കാന്‍ കാരണമായത് ഇതുകൊണ്ടാണ്. പരമ്പരാഗത, തനത് കൃഷിയറിവുകളെയും വിത്തുകളെയും പരിചയപ്പെടുത്തുന്ന 'എന്‍റെ ഗ്രാമത്തിലെ വൈവിധ്യങ്ങള്‍' എന്ന പുസ്തകവും ഷാജി രചിച്ചിട്ടുണ്ട്. രണ്ട് മാസം മുമ്പ് ഗവര്‍ണര്‍ പി.സദാശിവമാണ് പുസ്തകത്തിന്‍റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. അദ്ധ്യാപികയായ ഭാര്യ ജിജിയും മക്കളായ ഇമ്മാനുവല്‍, ആന്‍മരിയ എന്നിവരും കൃഷിയില്‍ ഷാജിയ്ക്ക് പിന്തുണയേകുന്നു. ക്യഷിയെ ഇത്രയേറെ സ്‌നേഹിക്കുകയും കൂടെകൊണ്ടുനടക്കുകയും ചെയ്യുന്ന ചെറുപ്പുക്കാരനെ നാം ഓര്‍ക്കേണ്ടതുണ്ട്.