കോഴിക്കോട്: ചെമ്പനോടയിലെ കര്‍ഷകന്‍ ജോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ആരോപണ വിധേയനായ സഹോദരന്‍ ജിമ്മി.ജോയിയുമായി മാനസികമായി അകല്‍ച്ചയിലായിരുന്നെന്ന് ജിമ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പക്ഷേ ജോയിയുമായി സ്ഥലതര്‍ക്കമില്ലായിരുന്നു.ഒസ്യത്ത് രേഖകള്‍ താന്‍ കൈവശപ്പെടുത്തിയെന്നായിരുന്നു ജോയിയുടെ സംശയം.
ക്രഷര്‍ തുടങ്ങാന്‍ ആലോചിച്ചിരുന്നത് ജോയിയാണെന്നും അത്തരമൊരാലോചന തനിക്കില്ലായിരുന്നുവെന്നും ജിമ്മി വ്യക്തമാക്കി. ജോയിയുടെ ഭൂമിയില്‍ നിയമപ്രശ്നങ്ങളുണ്ടെന്ന് വില്ലേജ് അസിസ്റ്റന്റ് സിലീഷ് പറഞ്ഞിരുന്നെന്നും ജിമ്മി പറഞ്ഞു.
ജോയിയുടെ ആത്മഹത്യാ കുറിപ്പില്‍ ജിമ്മിക്കെതിരെയും പരാമര്‍ശങ്ങളുണ്ടായിരുന്നു.ക്രഷര്‍ തുടങ്ങാനാലോചിച്ചിരുന്ന ജിമ്മി, ജോയിയുടെ ഭൂമി കൈവശപ്പെടുത്താന്‍ ശ്രമം നടത്തുന്നുണ്ടെന്ന് കത്തില്‍ ആരോപിക്കുന്നുവെന്നാണ് പോലീസ് ഇന്നലെ വ്യക്തമാക്കിയത്. സിലീഷ് തോമസിനെ ഇദ്ദേഹം സ്വാധീനിച്ചതായും ജോയി സംശയിച്ചിരുന്നു. തന്‍റെ ഭൂമിയുടെ നികുതി സ്വീകരിക്കാത്തത് ഇത് മൂലമാണെന്നും ആത്മഹത്യാ സൂചന കത്തില്‍ ജോയി ചൂണ്ടിക്കാട്ടിയിരുന്നു.
