ഇടുക്കി: കടബാധ്യതയെത്തുടർന്ന്  ഇടുക്കി തോപ്രാംകുടിയിൽ കർഷകൻ ആത്മഹത്യ ചെയ്തു. മേരിഗിരി സ്വദേശി സന്തോഷിനെയാണ് കൃഷിയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  പ്രളയത്തിൽ കൃഷി നശിച്ച്, ലോണ് തിരിച്ചടവ് മുടങ്ങിയതോടെ സന്തോഷ് അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു..

വർഷങ്ങളായി കൃഷിയായിരുന്നു സന്തോഷിന്റെയും കുടുംബത്തിന്റെയും ഉപജീവനമാർഗം.  വിവിധ ബാങ്കുകളിലിൽ നിന്നായി ലോണെടുത്താണ്  സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്ത സ്ഥലത്തും കൃഷിയിറക്കിയിരുന്നത്. എന്നാൽ ദുരിതപ്പെയ്ത്തിൽ കൃഷി മൊത്തം നശിച്ചു. തിരിച്ചുവരാനുള്ള ശ്രമങ്ങൾക്കിടെ വിളകളുടെ വിലത്തകർച്ചയും തിരിച്ചടിയായി. 

വീടും പറമ്പും പണയം വച്ച് 10 ലക്ഷത്തോളം രൂപയായിരുന്നു സന്തോഷ് ലോണെടുത്തിരുന്നത്. കഴിഞ്ഞയാഴ്ച ബാങ്ക് ജീവനക്കാരെത്തി ലോണ് തിരിച്ചടച്ചില്ലെങ്കിൽ ജപ്തി നടപടികളിലേക്ക് നീങ്ങുമെന്ന് കാണിച്ച് നോട്ടീസ് നൽകിയിരുന്നു. തിരിച്ചടവിന് ഒരു മാർഗവും കണ്ടെത്താൻ പറ്റാതായതോടെയാണ്  സന്തോഷ് ആത്മഹത്യയിലേക്ക് നീങ്ങിയതെന്ന് കുടുംബം പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടവളപ്പിൽ സംസ്കരിച്ചു.