കോഴിക്കോട്: ഭൂനികുതി സ്വീകരിക്കാൻ വിസമ്മതിച്ചതി​നെ തുടർന്ന്​ വില്ലേജ്​ ഓഫീസിൽ തൂങ്ങി മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥവീഴ്‍ച ബോധ്യപ്പെട്ടെന്ന് ജില്ലാ കലക്ടര്‍. മരിച്ച കർഷകന്റെ ഭൂമിയുടെ കരം ഇന്ന് തന്നെ സ്വീകരിക്കുമെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുമെന്നും കളക്ടർ അറിയിച്ചു. സംഭവം ജില്ലാ കളക്ടര്‍ അന്വേഷിക്കുമെന്നും ധനസഹായം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ വ്യക്തമാക്കി.

കാവില്‍ പുരയിടം വീട്ടില്‍ ജോയി എന്ന തോമസാണ് ചെമ്പനോട് വില്ലേജ് ഓഫീസില്‍ ഇന്നലെരാത്രിയില്‍ തൂങ്ങിമരിച്ചത്. സ്ഥലത്തിന്‍റെ കരമടയ്ക്കുന്നതിന്‍റെ പ്രശ്നവുമായി ബന്ധപ്പെട്ട് ദിവസങ്ങളായി വില്ലേജ് ഓഫീസ് കയറിയിറങ്ങുകയായിരുന്നു ഇദ്ദേഹം. ഇതുമായി ബന്ധപ്പെട്ട് ഒരു ദിവസം വില്ലേജ് ഓഫീസിന് മുന്നില്‍ നിരാഹരവും അനുഷ്ഠിച്ചിരുന്നു. വില്ലേജ് ഓഫീസിന്‍റെ ഗേറ്റിന് സമീപമാണ് ജോയി തൂങ്ങിമരിച്ചത്.

ജോയിയോട് വില്ലേജ്​ അസിസ്​റ്റൻറ്​ ​കൈക്കൂലി ആവശ്യ​പ്പെട്ടിരുന്നതായി ഭാര്യ മോളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വില്ലേജ് അസിസ്റ്റന്‍റ് സിരീഷിനെതിരെയാണ് മോളി ആരോപണം ഉന്നയിച്ചിരിക്കുന്നത്. കൈക്കൂലി നല്‍കാത്തതില്‍ വൈരാഗ്യമുണ്ടായിരുന്നുവെന്നും ഇക്കാരണത്താൽ നികുതി സ്വീകരിക്കുന്നതിന് തടസ്സം പറഞ്ഞിരുന്നുവെന്നും മോളി ആരോപിച്ചു. രണ്ട് വർഷം മുമ്പ് വരെ സ്ഥലത്തിന് നികുതി സ്വീകരിച്ചിരുന്നുവെന്നും മോളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ജോയിയുടെ മരണത്തിനുത്തരവാദികള്‍ ഉദ്യോഗസ്ഥരാണെന്ന് സഹോദരനും ആരോപിച്ചു. വില്ലേജ് അസിസ്റ്റന്‍റും വില്ലേജ്‍മാനുമാണ് മരണത്തിന് ഉത്തരവാദികളെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കളക്ടര്‍ എത്തിയിട്ടേ മൃതദേഹം മാറ്റാൻ സമ്മതിക്കൂ എന്നും ബന്ധുക്കള്‍ പറഞ്ഞു. ജോയ് കഴിഞ്ഞ ദിവസവും വില്ലേജ് ഓഫീസിലെത്തിയിരുന്നുവെന്നും ജോയിയുടെ ആവശ്യം ഉദ്യോഗസ്ഥർ ഗൗനിച്ചില്ലെന്നും ജോസ് ആരോപിച്ചു.

അതേസമയം ചെമ്പനോട് വില്ലേജ് ഓഫീസിനെക്കുറിച്ച് കൂടുതൽ പരാതിയുമായി നാട്ടുകാർ രംഗത്തെത്തി. മിക്ക കാര്യങ്ങൾക്കും ഇവിടെ അനാവശ്യ കാലതാമസം ഉണ്ടാക്കുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു.