കോഴിക്കോട്: ചെമ്പനോട കര്‍ഷക ആത്മഹത്യയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ കുറ്റം തെളിഞ്ഞാല്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടേക്കും.അഴിമതി തടയാന്‍ റവന്യൂ മന്ത്രിയുടെ ഓഫിസില്‍ ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്താനും ആലോചനയുണ്ട്. റവന്യൂ അഡിഷണല്‍ ചീഫ് സെക്രട്ടറി ചെമ്പനോട സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കും.പരാതിക്കാരില്‍ നിന്ന് നേരിട്ട് തെളിവെടുക്കുന്നത് ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ച് വിശദമായി പരിശോധിക്കാനാണ്. രേഖകളിലെ തിരുത്തല്‍, കൈക്കൂലി തുടങ്ങിയ ആരോപണങ്ങള്‍ ഗൗരവത്തോടെ കാണുന്നു. അന്വേഷണത്തില്‍ ഇത് തെളിഞ്ഞാല്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരെ പിരിച്ചു വിടണമെന്നാണ് റവന്യൂ തലപ്പത്തെ അഭിപ്രായം. വില്ലേജ് പ്രവര്‍ത്തനം നിരീക്ഷിക്കേണ്ട തഹസില്‍ദാര്‍, ഡെപ്യൂട്ടി കലക്ടര്‍ എന്നിവര്‍ക്ക് വീഴ്ചയുണ്ടായോ എന്നും പരിശോധിക്കും.
വീഴ്ച കണ്ടെത്തിയാല്‍ ഇവര്‍ക്കെതിരെയും നടപടി വരും.കടുത്ത ശിക്ഷയുണ്ടായാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നാണ് റവന്യു വകുപ്പ് കണക്ക് കൂട്ടല്‍. വകുപ്പിനെ സംബന്ധിച്ചുളള പരാതികള്‍ ജനങ്ങള്‍ക്ക് മന്ത്രിയുടെ ഓഫിസിനെ നേരിട്ട് അറിയിക്കാനാണ് ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തും.റവന്യൂ ജീവനക്കാരെക്കുറിച്ച് കിട്ടുന്ന പരാതികള്‍ റവന്യൂ വിജിലന്‍സിനോ, വിജിലന്‍സിനോ കൈമാറും.
അതേസമയം, അഴിമതിയില്‍ റവന്യൂ വകുപ്പാണ് രണ്ടാമതെന്ന് വിജിലന്‍സ് കണ്ടെത്തയതിന് പിന്നാലെ താഴെ തട്ടില്‍ നടപ്പാക്കാന്‍ പത്തിന നിര്‍ദേശം റവന്യൂമന്ത്രി റവന്യൂ സെക്രട്ടറിക്കും കമ്മിഷണര്‍ക്കും നല്‍കിയിരുന്നു.ഇതിലൊന്ന് പരാതികളറിയിക്കാന്‍ കല്ക്ടറേറ്റിന്റേത് മുതല്‍ മന്ത്രിയുടെ ഓഫീസിന്റേത് വരെയുള്ള ഫോണ്‍ നമ്പരുകള്‍ വില്ലേജ് ഓഫിസുകളില്‍ പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു. എന്നാല്‍ ഈ നിര്‍ദേശം ഉദ്യോഗസ്ഥര്‍ പൂഴ്ത്തി. ഇതു നടപ്പാക്കണമെന്ന് ചെമ്പനോട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം വീണ്ടും നിര്‍ദേശം നല്‍കി.
