വയനാട്: കാട്ടാനയുടെ ആക്രമണത്തില്‍ നട്ടെല്ലിന് പരിക്കേറ്റ കര്‍ഷകന്‍ ദുരിതക്കിടക്കയില്‍. പുല്‍പള്ളി വെളുകൊല്ലി ചൈന്തയില്‍ വിഷ്ണുപ്രകാശാണ് മതിയായ ചികിത്സയും സര്‍ക്കാര്‍ സഹായവും ലഭിക്കാതെ ജീവിതം തള്ളിനീക്കുന്നത്. വനംവകുപ്പ് നല്‍കിയത് പതിനായിരം രൂപ മാത്രമാണെന്ന് കുടുംബം പറയുന്നു. ഈ മാസം മൂന്നിനാണ് വെളുകൊല്ലിയിലെ വനപാതയില്‍വച്ച് വിഷ്ണുപ്രകാശിനെ ആന ആക്രമിച്ചത്. 

പഠിക്കാന്‍ പോയ മകളെയും കൂട്ടി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിഷ്ണുപ്രകാശിനോട് ഒരാഴ്ച കഴിഞ്ഞപ്പോള്‍ വീട്ടിലേക്ക് മടങ്ങാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. കൂടുതല്‍ ചികിത്സക്ക് പണമില്ലാത്തതിനാല്‍ വീട്ടില്‍ തന്നെ കഴിഞ്ഞുകൂടുകയാണിപ്പോള്‍ ഇദ്ദേഹം. 

കടംവാങ്ങിയും മറ്റും അമ്പതിനായിരം രൂപയുടെ ചികിത്സ നടത്തി. തുടര്‍ ചികിത്സക്ക് പണം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലാണ് കുടുംബം. ഈ മാസം 28ന് എം.ആര്‍.ഐ സ്‌കാനിങിനും പരിശോധനയ്ക്കുമായി വീണ്ടും കോഴിക്കോട്ടേക്ക് പോകണം. ഇതിനുള്ള ചെലവ് എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണിവര്‍. കൃഷിയില്‍ നിന്നുള്ള വരുമാനവും നിലച്ചു. വിഷ്ണുപ്രകാശിന്റെ ഭാര്യ രാജലക്ഷ്മി ഒന്നരവര്‍ഷം മുമ്പ് അര്‍ബുദ രോഗത്തെത്തുടര്‍ന്ന് മരിച്ചിരുന്നു. 

ഇവരുടെ ചികിത്സക്കായി ആറു ലക്ഷം രൂപ കടം വാങ്ങിയത് ഇതുവരെ കൊടുത്ത് തീര്‍ത്തിട്ടില്ല. വീടും പുരയിടവുമെല്ലാം ഈട് നല്‍കിയാണ് അത്രയും തുക സംഘടിപ്പിച്ചത്. ഇതിനിടയ്ക്കാണ് അടുത്ത ദുരന്തവും എത്തിയത്. രണ്ട് മക്കളുടെ വിദ്യാഭ്യാസ ചെലവിന് പണം കണ്ടെത്താനും എന്ത് ചെയ്യണമെന്ന് വിഷ്ണു പ്രകാശിനറിയില്ല. 

വിഷ്ണു പ്രകാശിന്റെ ബാങ്ക് എക്കൗണ്ട് വിവരങ്ങള്‍

കനറാ ബാങ്ക്

പുല്‍പ്പള്ളി ശാഖ

എക്കൗണ്ട് നമ്പര്‍: 0863108025170

ഐ.എഫ്.എസ്.സി കോഡ്-CNRB0000863