നിരോധിച്ച കീടനാശിനികൾ വിപണിയിലെത്തുന്നത് തമിഴ്നാട്ടിൽ നിന്ന്. കടത്ത് അംഗീകൃത കീടനാശിനികളുടെ വ്യാജ ലേബൽ പതിച്ച്. ചെക്ക്പോസ്റ്റുകളിലെ പരിശോധന പേരിന് മാത്രം. നിരോധിത കീടനാശിനികൾ ഏതളവിലും എത്തിക്കാൻ ഇടനിലക്കാർ തയ്യാർ . ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം.

ചെന്നൈ: നിരോധിച്ച കീടനാശിനികള്‍ സുലഭമായി കേരളത്തിലെ വിപണിയിലേക്ക് എത്തുന്നത് തമിഴ്നാട്ടില്‍ നിന്ന്. അംഗീകൃത കീടനാശിനികളുടെ വ്യാജ ലേബല്‍ പതിച്ചാണ് തമിഴ്നാട്ടിലെ ഇടനിലക്കാര്‍ നിരോധിത മരുന്നുകള്‍ കേരളത്തിലേക്ക് എത്തിക്കുന്നത്. ബോധവത്കരണം തുടരുമ്പോഴും ചെക്ക്പോസ്റ്റുകളിലെ പരിശോധന മറികടന്ന് കീടനാശിനി കടത്തുന്ന ഇടനിലക്കാരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് ചെന്നൈ. 

മെര്‍ക്കുറിക്ക് ക്ലോറേഡ്,ഫ്രഫന്ന ഫോസ് , ട്രൈസോഫോസ്, മോണോക്രോട്ടോഫോസ് തുടങ്ങി നിരോധിത പട്ടികയിലുള്ള കീടനാശിനികള്‍ എത്ര അളവ് വേണമെങ്കിലും ചെന്നൈയിലെ ഇടനിലക്കാരില്‍ നിന്ന് ലഭ്യമാണ്. അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ സാധാരണ പരിശോധന ഉണ്ടാകാറില്ലെന്നും, മുന്‍കരുതല്‍ എന്ന നിലയില്‍ അംഗീകൃത കീടനാശിനികളുടെ വ്യാജലേബല്‍ പതിച്ചാണ് അയക്കുകയെന്നും ഇടനിലക്കാര്‍ തന്നെ ഏഷ്യനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

ചെറിയ അളിവാലാണെങ്കില്‍ മലയോര മേഖലയില്‍ ജോലിക്കെത്തുന്ന തൊഴിലാളികളുടെ വാഹനത്തിലോ ചരക്ക് വാഹനങ്ങളെയോ കേരളത്തിലേക്ക് എത്തിക്കും. അനിലോഫോസ്, പാരക്ക്വറ്റ്, അട്ടറസൈന്‍ തുടങ്ങിയ കീടനാശിനികളുടെ വില്‍പനയ്ക്ക് തമിഴ്നാട്ടിലും വിലക്ക് ഉണ്ടെങ്കിലും പരിശോധന കാര്യക്ഷമം അല്ലാത്തതിനാല്‍ ചെറുകടകളില്‍ പോലും ലഭ്യമാണ്. വിലപ്രശ്നമെങ്കില്‍ തമിഴ്നാട്ടില്‍ തന്നെ ഉത്പാദിപ്പിക്കുന്ന ലോക്കല്‍ കീടനാശിനി എത്തിച്ച് നല്‍കാനും ഇടനിലക്കാര്‍ തയാറാണ്. കോട്ടണ്‍ കൃഷിക്കായി ഉത്തരേന്ത്യയിലേക്ക് ഉള്‍പ്പടെ തമിഴ്നാട്ടില്‍ നിന്ന് മാത്രം 1300 മെട്രിക്ക് ടണ്‍ കീടനാശിനി വിതരണം നടക്കുന്നുവെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസിന്‍റെ അന്വേഷണം വീഡിയോ റിപ്പോര്‍ട്ട്: