കഴിഞ്ഞ വേനൽക്കാലത്തെ വരൾച്ചയെ തുടര്‍ന്ന് കൃഷി നാശം നേരിട്ട പാലക്കാട്ടെ കർഷകർക്കുളള ഇൻഷുറൻസ് തുക ഇനിയും കിട്ടിയിട്ടില്ലെന്ന് പരാതി. പാലക്കാട് ചിറ്റൂർ മേഖലയിലെ 164 കർഷകർക്കാണ് സഹകരണ ബാങ്കിലെ സാങ്കേതിക പിഴവ് കാരണം ഇൻഷുറൻസ് പരിരക്ഷ നഷ്ടമായത്. ബാങ്കിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് കർഷകർ. 

പാലക്കാട്: കഴിഞ്ഞ വേനൽക്കാലത്തെ വരൾച്ചയെ തുടര്‍ന്ന് കൃഷി നാശം നേരിട്ട പാലക്കാട്ടെ കർഷകർക്കുളള ഇൻഷുറൻസ് തുക ഇനിയും കിട്ടിയിട്ടില്ലെന്ന് പരാതി. പാലക്കാട് ചിറ്റൂർ മേഖലയിലെ 164 കർഷകർക്കാണ് സഹകരണ ബാങ്കിലെ സാങ്കേതിക പിഴവ് കാരണം ഇൻഷുറൻസ് പരിരക്ഷ നഷ്ടമായത്. ബാങ്കിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് കർഷകർ.

വരൾച്ച രൂക്ഷമായ കഴിഞ്ഞ വേനലിൽ നെൽകൃഷി പൂർണമായി നശിച്ച പാലക്കാട്ടെ കിഴക്കൻ മേഖലയിലെ കർഷകർക്കാണ് നഷ്ടപരിഹാരവും ഇല്ലാതായിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തിലൂടെ കാർഷക വിള നശിച്ചാൽ ഹെക്ടറൊന്നിന് പരമാവധി 40000 രൂപവരെ കിട്ടുന്ന പദ്ധതിയാണ് കാലാവസ്ഥവ്യതിയാന ഇൻഷുറൻസ്. പ്രീമിയം ഇനത്തിൽ കർഷകൻ അടക്കേണ്ടത് 1000 രൂപ. ബാക്കി തുക കേന്ദ്ര സംസ്ഥാന സർക്കാർ വിഹിതമായി നൽകും. ഇതുപ്രകാരം തത്തമംഗലം സഹകരണ ബാങ്കിൽ പ്രീമിയം തുക ഒടുക്കിയ കർഷകർക്കാണ് മാസങ്ങൾ കഴിഞ്ഞിട്ടും നഷ്ടപരിഹാരത്തുക നിഷേധിക്കപ്പെട്ടത്. വായ്പയെടുത്ത് കൃഷിയിറക്കിവർക്ക് വിളവുമില്ല അ‍ർഹതപ്പെട്ട നഷ്ടപരിഹാരവുമില്ലെന്ന സ്ഥിതി. പ്രീമിയം തുക ജില്ല സഹകരണ ബാങ്കിലെത്തിയിട്ടില്ലെന്നാണ് ഇവർക്ക് കിട്ടിയ വിശദീകരണം. ബാങ്ക് ജീവനക്കാരുടെ പിടിപ്പുകേടെന്നാണ് കർഷകരുടെ ആരോപണം.

പ്രാഥമിക സഹകരണബാങ്ക് പ്രീമിയം തുകയൊടുക്കാൻ വരുത്തിയ വീഴ്ചയാണ് കാരണമന്ന് പാലക്കാട് ജില്ലാ സഹകരണബാങ്ക് വ്യക്തമാക്കുന്നു. ജില്ലാ ബാങ്കിന് വീഴ്ച സംവിച്ചിട്ടില്ല. നഷ്ടപരിഹാരം കിട്ടാത്ത ചില കർഷകർ ബാങ്കിനെതിരെ ഹൈകോടതിയെ സമീപിച്ചിട്ടുണ്ടെന്നും കോടതി വിധി അനുസരിച്ച് തുടർ തീരുമാനമെന്നും സഹകരണ ജോയിന്‍റ് രജിസ്ട്രാർ അറിയിച്ചു.