30,000 പേരുമായി ആരംഭിച്ച ജാഥയില്‍ ഇപ്പോള്‍ ഏതാണ്ട് ഒരു ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്നുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെയും മഹാരാഷ്ട്ര സര്‍ക്കാരിന്റെയും കര്‍ഷക നയങ്ങള്‍ക്കെതിരെ മഹാരാഷ്ട്രയില്‍ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന കര്‍ഷക ജാഥ മൂന്നാം ദിവസത്തിലേക്ക് കടന്നു. നാസിക്കില്‍ നിന്നാരംഭിച്ച്, ഒരുലക്ഷത്തോളം കര്‍ഷകര്‍ പങ്കെടുക്കുന്ന ജാഥ 200 കിലോമീറ്റര്‍ സഞ്ചരിച്ച് നാളെ മുംബൈയില്‍ എത്തിചേരും. കഴിഞ്ഞ 2 വര്‍ഷമായി കര്‍ഷകരെ നിരന്തരം വഞ്ചിക്കുന്ന ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയാണ് കിസാന്‍ സഭ കര്‍ഷകരെ അണിനിരത്തുന്നത്.

30,000 പേരുമായി ആരംഭിച്ച ജാഥയില്‍ ഇപ്പോള്‍ ഏതാണ്ട് ഒരു ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ ഭൂരിപക്ഷം പേരും മഹാരാഷ്ട്രയിലെ ആദിവാസി-ഗോത്രവിഭാഗത്തില്‍പ്പെട്ട സാധാരണക്കാരായ കര്‍ഷകരാണ്. മുംബൈയില്‍ നിന്ന് 80 കിലോമീറ്റര്‍ സമീപത്തെത്തിയ റാലി താനെ ജില്ലാ അതിര്‍ത്തിയില്‍ വച്ച് റാലി സര്‍ക്കാര്‍ തടയുമെന്ന് പ്രചരണമുണ്ട്. 

തിങ്കളാഴ്ച മുംബൈയില്‍ ജാഥ എത്തിചേര്‍ന്നാല്‍ മുംബൈ വിധാന്‍ സഭയ്ക്ക് മുന്നില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങും. അതിന് മുമ്പ് റാലിയെ തടയാനാണ് സര്‍ക്കാര്‍ ശ്രമം. കര്‍ഷക പ്രക്ഷോഭത്തെ പരിഗണിക്കാനോ ചര്‍ച്ചകള്‍ നടത്താനോ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇന്നലെയായിരുന്നു മഹാരാഷ്ട്രാ സംസ്ഥാന ബജറ്റ് അവതരണം. എന്നാല്‍ ബജറ്റില്‍ സമരത്തെ മുന്നില്‍ കണ്ട് കര്‍ഷകര്‍ക്കനുകൂലമായി യാതൊരു ആനുകൂല്യവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. 

മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കര്‍ഷകസമരമാണിപ്പോള്‍ നടക്കുന്നത്. റാലി മുംബൈയില്‍ എത്തിയാല്‍ മുംബൈ നഗരം നിശ്ചലമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ചില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുന്നതുവരെ നിയമസഭക്ക് മുന്നില്‍ അനിശ്ചിതകാല രാപ്പകല്‍സമരം നടത്താനാണ് സമരസഖാക്കളുടെ തീരുമാനം.

പ്രധാനമായും കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍

വനാവകാശ നിയമം നടപ്പിലാക്കുക. കാര്‍ഷിക പെന്‍ഷനില്‍ കാലഘട്ടത്തിനനുസരിച്ചുള്ള വര്‍ധനവ് വരുത്തുക, പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന റേഷന്‍ സമ്പ്രദായത്തിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണം, കീടങ്ങളുടെ ശല്യം കാരണം വിള നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കണം, വിളകള്‍ക്ക് കൃത്യമായ താങ്ങുവില അനുവദിക്കണം, എം.എസ്.സ്വാമിനാഥന്‍ കമ്മീഷന്‍ കര്‍ഷകര്‍ക്കായി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കണം, നദീസംയോജന പദ്ദതികള്‍ നടപ്പിലാക്കി കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന വരള്‍ച്ചക്ക് അറുതി വരുത്തണം, അനുവാദമില്ലാതെ കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുന്നതില്‍ നിന്ന് പിന്മാറണം, ഭൂമിക്ക് തക്കതായ നഷ്ടപരിഹാര തുക നല്‍കണം. എന്നിങ്ങനെ കര്‍ഷകരെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നങ്ങളാണ് റാലിയിലെ പ്രധാന ആവശ്യങ്ങള്‍. 


കര്‍ഷക ആത്മഹത്യകള്‍ നിത്യസംഭവമായപ്പോള്‍ മഹാരാഷ്ട്രയില്‍ 2016 ല്‍ കിസാന്‍ സഭ നടത്തിയ സമരത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ജാഥ. അന്ന് 11 ദിവസം തുടര്‍ച്ചയായി സമരം നടത്തിയ കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് നല്‍കിയ വാക്കുപാലിക്കാന്‍ ബിജെപി നേതൃത്വം കൊടുക്കുന്ന ദേവേന്ദ്ര ഫട്‌നവിസ് സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.