മൂന്നു പെങ്കുഞ്ഞുങ്ങളാ എനിക്ക്... ഇതുങ്ങളേം കൊണ്ട് ഞാനിനി എന്തു ചെയ്യും...? ഞങ്ങള്‍ക്ക് പോയി.. അവര്‍ക്കെന്നാ പോകാനാ? അവരു ഗവര്‍ണ്‍മെന്‍റിന്‍റെ ശമ്പളം മേടിക്കുന്നവരല്ലേ?.. മോളി എന്ന വീട്ടമ്മയുടെ കണ്ണീരില്‍ കുതിര്‍ന്ന ചോദ്യങ്ങള്‍ ചെന്നു തറയ്ക്കുന്നത് സര്‍ക്കാരിന്‍റെയും ഉദ്യോഗസ്ഥ വൃന്ദത്തിന്‍റെയും മന:സാക്ഷിയുടെ നേരെയാണ്.
നികുതി സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വില്ലേജ് ഓഫീസിൽ തൂങ്ങി മരിച്ച കര്‍ഷകന്‍ കോഴിക്കോട് ചക്കിട്ടാംപാറയിലെ കാവില്‍ പുരയിടം വീട്ടില്‍ ജോയി എന്ന തോമസിന്‍റെ ഭാര്യയാണ് മോളി.
പറക്കമുറ്റാത്ത മൂന്നു പെണ്‍കുട്ടികളെയും കെട്ടിപ്പിടിച്ചുള്ള മോളിയുടെ വിലാപം അല്‍പ്പമെങ്കിലും മനുഷ്യത്വം മരവിക്കാത്തവര്‍ക്ക് കണ്ണു തുടയ്ക്കാതെ കണ്ടു നില്‍ക്കാനാവില്ല.
പല രോഗങ്ങളുടെയും അടിമയാരുന്നു ആ മനുഷ്യന്‍. വര്‍ഷങ്ങളായി ഞങ്ങള്‍ ഇതിനു പിറകേ നടക്കുന്നു. എല്ലാ രേഖയുമുണ്ട് സ്ഥലത്തിന്. എന്നു ചെന്നാലും ഒരുമാസം കഴിഞ്ഞ് വരാന്‍ പറയും. ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് കത്ത് കൊടുത്തു. ഇടയ്ക്ക് ഞാനും പോകുമായിരുന്നു. നിങ്ങളെക്കൊണ്ട് ചെയ്യാന്‍ പറ്റുന്നത് എന്തെങ്കിലും ചെയ്തു തരാന്‍ കാലുപിടിച്ച് പറഞ്ഞു. ഇന്നലെ ഞാന്‍ പനിച്ചു കെടക്കുവാരുന്നു. അതുകൊണ്ടാ ഇന്നലെ ഞാന്‍ പോകാതിരുന്നത്. സരീഷാണ് കൈക്കൂലി ചോദിച്ചത്.. വേറൊരു സണ്ണി എന്ന മനുഷ്യനുണ്ട്.. എപ്പം ചെന്നാലും പിന്നെ വാ.. പിന്നെ വാ.. എന്നു മാത്രം പറയും.. മോളിയുടെ വാക്കുകള്‍ മുറിയുന്നു.

