സംഭവത്തെക്കുറിച്ച് ഫറൂഖ് അബ്ദുള്ളയുടെ മകനും മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള ട്വിറ്റ് ചെയ്തിട്ടുണ്ട്
ശ്രീനഗര്‍: കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ വീട്ടില്‍ കാറുമായി അതിക്രമിച്ച് കടന്നയാളെ സുരക്ഷാ സേന വെടിവച്ച് കൊന്നു. ഫറൂഖ് അബ്ദുള്ളയുടെ ജമ്മുവിലെ വീട്ടില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കശ്മീരിലെ പുഞ്ച് മേഖലയിലുള്ള യുവാവാണ് അക്രമം നടത്താന്‍ ശ്രമിച്ചതെന്ന് പറഞ്ഞ സുരക്ഷാ സേന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സംഭവത്തെക്കുറിച്ച് സുരക്ഷാ സേന പറയുന്നത് ഇങ്ങനെ
കാറുമായി യുവാവ് ഫറൂഖ് അബ്ദുള്ളയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. ശേഷം വീട്ടിനകത്തേക്ക് കടക്കാന്‍ ശ്രമിച്ച ഇയാള്‍ അക്രമം അഴിച്ചുവിട്ടു. വിടിന് മുന്നിലുണ്ടായിരുന്ന സാധനങ്ങളൊക്കെ നശിപ്പിക്കാന്‍ ശ്രമിച്ചു. ഇസഡ് പ്ലസ് സുരക്ഷയുള്ള അബ്ദുള്ളയുടെ വീട്ടില്‍ അതിക്രമം കാണിച്ചതോടെ വെടിവയ്ക്കുകയായിരുന്നു.
ഒരു സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ ഫറൂഖ് അബ്ദുള്ള സ്ഥലത്തുണ്ടായിരുന്നില്ല. അക്രമിയുടെ കയ്യില്‍ ആയുധങ്ങളുണ്ടായിരുന്നില്ലെന്ന് പിന്നീട് പരിശോധനയില്‍ തെളിഞ്ഞതായി സുരക്ഷ സേന വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ഫറൂഖ് അബ്ദുള്ളയുടെ മകനും മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള ട്വിറ്റ് ചെയ്തിട്ടുണ്ട്.
ഇസഡ് പ്ലസ് സുരക്ഷയുള്ള രാഷ്ട്രീയ നേതാവിന്‍റെ വീട്ടിലേക്ക് അക്രമി കാറുമായി കടന്നുവന്നത് വലിയ സുരക്ഷാ വീഴ്ചയാണെന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്.
