ഇടിച്ചതിനുശേഷം 50 മീറ്ററോളം ഓടിയ കാര്‍ പൊലീസ് ഇടപെട്ട് നിര്‍ത്തിക്കുകകയായിരുന്നു. കൊണാട്ട് പ്ലേസില്‍ ഞായറാഴ്ച രാത്രി 9.15നായിരുന്നു അപകടം. സംഭവത്തില്‍ ഫാഷന്‍ ടെക്‌നോളജി വിദ്യാര്‍ഥിനി ശ്രേയ അഗര്‍വാളിനെ (20) പൊലീസ് അറസ്റ്റ് ചെയ്തു.
ദില്ലി: വാഹനത്തിന്റെ ടയറില്‍ സാരി കുടുങ്ങി അമ്പതുകാരി മരിച്ചു. ദില്ലിയിലെ ബംഗ്ലാ സാഹിബ് ഗുരുഡ്വാരയിലെ രാത്രികാല സുരക്ഷാകേന്ദ്രത്തില്‍ താമസിക്കുന്ന ഫൂല്‍വതിയാണ് അപകടത്തില്‍പ്പെട്ടത്. ഇടിച്ചതിനുശേഷം 50 മീറ്ററോളം ഓടിയ കാര്‍ പൊലീസ് ഇടപെട്ട് നിര്‍ത്തിക്കുകകയായിരുന്നു. കൊണാട്ട് പ്ലേസില്‍ ഞായറാഴ്ച രാത്രി 9.15നായിരുന്നു അപകടം. സംഭവത്തില്‍ ഫാഷന്‍ ടെക്‌നോളജി വിദ്യാര്‍ഥിനി ശ്രേയ അഗര്‍വാളിനെ (20) പൊലീസ് അറസ്റ്റ് ചെയ്തു.
ശിവാജി സ്റ്റേഡിയം ബസ് ടെര്‍മിനലിന് സമീപത്തുവച്ച് റോഡ് മുറിച്ചു കടക്കുകയായിരുന്ന ഫൂല്‍വതിയുടെ ദേഹത്തേക്ക് ശ്രേയയുടെ കാര്‍ ഇടിക്കുകയായിരുന്നു. ഇടിച്ച കാര്‍ നിര്‍ത്താന്‍ നാട്ടുകാര്‍ ശ്രമിച്ചിരുന്നെങ്കിലും പരിഭ്രാന്തിതയായ ശ്രേയ കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. എന്നാല്‍ ഇതിനിടയില്‍ ഫൂല്‍വതിയുടെ സാരി കാറില്‍ കുരുങ്ങിയത് ശ്രേയ അറിഞ്ഞിരുന്നില്ല.
പിന്നീട് ഔട്ടര്‍ സര്‍ക്കിളില്‍നിന്നും പൊലീസ് കൈ കാണിച്ച് വണ്ടി നിര്‍ത്തിയതിനുശേഷമാണ് കാറിനടിയില്‍ കുരുങ്ങിയ നിലയില്‍ ഫൂല്‍വതിയെ കണ്ടെത്തിയത്. തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. രാത്രി ഭക്ഷണം കഴിച്ച് സൃഹൃത്തുക്കള്‍ക്കൊപ്പം എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്നു ശ്രേയ. ശ്രേയയോടൊപ്പം കാറില്‍ മറ്റ് രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. സംഭവത്തില്‍ ശ്രേയ ഓടിച്ചിരുന്ന എസ് യു വി കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി സുരക്ഷാകേന്ദ്രത്തില്‍ താമസിച്ചുവരികയാണ് ഫൂല്‍വതിയും കുടുംബവും. ഭിക്ഷയാചിച്ചാണ് ഫൂല്‍വതി ജീവിതം തള്ളി നീക്കിയിരുന്നത്. ഉത്തര്‍പ്രദേശിലെ ബറേലിയിലെ പ്രമുഖ വ്യവസായിയുടെ മകളായ ശ്രേയ മുംബൈ നാഷനല്‍ ഫാഷന്‍ ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിനിയാണ്.
