വിദ്യാർത്ഥികൾക്ക് നോമ്പിന്‍റെ  നല്ല പാഠങ്ങൾ പകര്‍ന്നു നല്‍കുകയാണ് അജ്‌മാൻ അൽ അമീർ സ്‌കൂൾ അധ്യാപകര്‍.

നോമ്പുകാലം ഗള്‍ഫിലെ വിദ്യാര്‍ത്ഥികള്‍ക്ക് നന്മയുടെ പരിശീലനകാലം കൂടിയാണ്. ഭക്ഷണപ്പൊതികളുമായി ലേബര്‍ ക്യാംപുകളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ റംസാന്‍ നാളുകളില്‍ പ്രവാസലോകത്തെ പതിവു കാഴ്ചയാണ്. വിദ്യാർത്ഥികൾക്ക് നോമ്പിന്‍റെ നല്ല പാഠങ്ങൾ പകര്‍ന്നു നല്‍കുകയാണ് അജ്‌മാൻ അൽ അമീർ സ്‌കൂൾ അധ്യാപകര്‍. ചുറ്റുമുള്ളവരുടെ നോവുകൾ പരിചയിച്ചറിയാനും അവർക്ക് സ്നേഹസ്പർശം പകരാനുമായി സ്കൂളിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികളുമായി അവര്‍ അജ്മാനിലെ ലേബ ര്‍കാംപുകളിലെത്തി. നിത്യോപയോഗ ഭക്ഷണവസ്തുക്കളുടെ സ്നേഹപ്പൊതികളുമായെത്തിയ കുട്ടികളെ ഇരുകൈയ്യും നീട്ടിയാണ് തൊഴിലാളികൂട്ടം സ്വീകരിച്ചത്.

വിവിധ ഭക്ഷ്യവസ്തുക്കൾ 1500 ലധികം പാക്കറ്റുകളിലാക്കി കെ ജി ക്ലാസ് മുതല്‍ തുടങ്ങി പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾ ഉത്സാഹത്തോടെ ദാനധര്‍മ്മത്തിലേര്‍പ്പെട്ടു. സ്‌കൂൾ ചെയർമാൻ എ കെ അബ്ദുൽ സലാം, പ്രിൻസിപ്പൽ എസ് ജെ ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി. ഇഫ്താര്‍കിറ്റുകള്‍ വിതരണം ചെയ്തശേഷം ക്യംപിലുള്ളവരുമായി സംവദിച്ചാണ് അവരുടെ മടക്കം. അങ്ങനെ നോമ്പുകാലം നന്മകളുടെ പരിശീലനകാലം കൂടിയാണ്.