കാഞ്ഞിരപ്പള്ളി ബിഷപ്പുമായി ജസ്നയുടെ പിതാവ് കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി നൽകിയ ഉറപ്പ് പാലിക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: പത്തനംതിട്ട സ്വദേശി ജസ്ന മറിയം ജോസഫിനെക്കുറിച്ചുള്ള അന്വേഷണം എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘത്തെ ഏൽപ്പിക്കണമെന്ന് അച്ഛൻ ജെയിംസ് ജോസഫ്. അന്വേഷണം കാര്യക്ഷമാക്കാൻ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ജെയിംസ് ജോസഫ് കാഞ്ഞിരപ്പള്ളി ബിഷപ്പിനെ നേരിട്ടു കണ്ട് ആവശ്യപ്പെട്ടു. ജസ്നയെക്കുറിച്ചന്വേഷിക്കാൻ പ്രത്യേകസംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി നൽകിയ ഉറപ്പ് പാലിക്കണമെന്നാണ് ജെയിംസ് ജോസഫിന്‍റെ ആവശ്യം.
അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്നാണ് കുടുംബത്തിന്‍റെ ആക്ഷേപം. ജസ്നയെ ബംഗലൂരുവിൽ കണ്ടുവെന്ന പ്രചാരണം തെറ്റിധാരണയുണ്ടാക്കിയെന്നാണ് കുടുംബത്തിന്‍റെ പരാതി. അന്വേഷണം ഊർജ്ജിതമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ കുടുംബത്തെ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബിഷപ്പ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ടിരുന്നു. 64 ദിവസം മുൻപാണ് മുക്കൂട്ടുതറ സ്വദേശി ജസ്നയെ കാണാതാകുന്നത്.
