ന്യൂയോര്‍ക്ക്: അമേരിക്കയിൽ ഷെറിൻ മാത്യു മരിച്ച കേസിൽ പുതിയ വഴിത്തിരിവ്. വീട്ടിൽ വെച്ച് പാല് കുടിക്കുമ്പോള്‍ ഉണ്ടായ ശ്വാസതടസ്സം മൂലമാണ് ഷെറിൻ മരിച്ചതെന്ന് അച്ഛൻ വെസ്ലി മാത്യു പുതിയ മൊഴി നൽകി. പോലീസ് അറസ്റ്റ് ചെയ്ത വെസ്ലി ഇപ്പോൾ ജയിലിലാണ്. ന്യൂയോർക്കിൽ നിന്ന് കൃഷ്ണ കിഷോറിന്റെ റിപ്പോർട്ട്.
നിർബന്ധിച്ചു പാൽ കുടിപ്പിച്ചപ്പോൾ കുട്ടി ശ്വാസംമുട്ടി മരിക്കുകയായിരുന്നെന്നാണു വർത്തച്ഛനും എറണാകുളം സ്വദേശിയുമായ വെസ്ലി മാത്യൂസ് പോലീസിനു നൽകിയിട്ടുള്ള മൊഴി. പാൽ കുടിപ്പിക്കുന്നതിനിടെ കുട്ടിക്കു ശ്വാസതടസവും ചുമയുമുണ്ടായി. ഇതേതുടർന്ന് അബോധാവസ്ഥയിലായ കുട്ടി മരിച്ചെന്നു കരുതി ഷെറിനെ ഉപേക്ഷിക്കുകയായിരുന്നെന്നു വെസ്ലി മൊഴി നൽകിയതായും റിപ്പോർട്ടുകൾ പറയുന്നു.
ടെക്സസിൽ മലയാളി ദന്പതികളുടെ രണ്ടാഴ്ച മുന്‍പു കാണാതായ മൂന്നു വയസുള്ള വളർത്തുമകൾ ഷെറിൻ മാത്യൂസിന്റെ മൃതദേഹം റിച്ച്മണ്ട് സിറ്റി പോലീസ് കഴിഞ്ഞ ദിവസം കണ്ടെടുത്തു. വെസ്ലി മാത്യൂസും ഭാര്യ സിനിയും രണ്ടു വർഷം മുന്‍പു ബിഹാറിൽനിന്നു ദത്തെടുത്ത ഷെറിനെ ഏഴിന് പുലർച്ചെ മൂന്നിനാണു കാണാതായത്. പാലു കുടിക്കാൻ വിസമ്മതിച്ച കുഞ്ഞിനെ വീടിനു പുറത്തെ മരച്ചുവട്ടിൽ നിർത്തിയെന്നും 15 മിനിട്ടിനുശേഷം ചെന്നു നോക്കിയപ്പോൾ കണ്ടില്ലെന്നുമാണ് വെസ്ലി ആദ്യം പോലീസിനോടു പറഞ്ഞത്.
വീട്ടിൽനിന്ന് മുക്കാൽ കിലോമീറ്റർ അകലെ കലുങ്കിനടിയിലെ ടണലിലാണു മൃതദേഹം കണ്ടെത്തിയത്. ഷെറിന് വളർച്ചക്കുറവും സംസാരിക്കാൻ പ്രശ്നവുമുണ്ടായിരുന്നു. തൂക്കം കൂടാൻ ഇടയ്ക്കിടെ ആഹാരം കൊടുക്കണമായിരുന്നു. പുലർച്ചെ പാലു കുടിക്കാൻ വിസമ്മതിച്ചപ്പോൾ സഹികെട്ട് വീടിനു പുറത്തുനിർത്തി ശിക്ഷിക്കുകയായിരുന്നുവെന്നായിരുന്നു വെസ്ലിയുടെ അവകാശവാദം.
കുഞ്ഞിനെ കാണാതാകുന്പോൾ ഉറക്കത്തിലായിരുന്ന സിനിക്കെതിരേ കേസെടുത്തിട്ടില്ല. നാലു വയസുള്ള മറ്റൊരു മകൾ ഇവർക്കുണ്ട്. വെസ്ലി അറസ്റ്റിലായതിനു പിന്നാലെ ഈ കുഞ്ഞിന്റെ സംരക്ഷണം ശിശു സംരക്ഷണവിഭാഗം ഏറ്റെടുത്തു.
