ബെംഗളൂരു: സ്മാര്‍ട്ട് ഫോണില്‍ അശ്ലീല സിനിമകളില്‍ മുഴുകിയ പതിനെട്ടുകാരനായ മകന്‍റെ കൈ അച്ഛന്‍ വെട്ടി. ഹൈദരാബാദ് പഹാദിഷെരീഫിലെ ഇറച്ചിവെട്ടുകാരനായ മുഹമ്മദ് ഖയ്യും ഖുറേഷിയാണ് മകന്‍ ഖാലിദിന്‍റെ കൈവെട്ടിയത്. ഒരാഴ്ച മുമ്പാണ് വാങ്ങിനല്‍കിയ ഫോണിലായിരുന്നു മുഴുവന്‍ സമയവും കേബിള്‍ ഓപ്പറേറ്ററായ ഖാലിദ് എന്ന് പിതാവ് പറയുന്നു. 

എന്നാല്‍ പിതാവ് ശകാരിച്ചിട്ടും ഫോണ്‍ ഭ്രമം ഖാലിദ് തുടരുകയായിരുന്നു. ഭൂരിഭാഗം സമയവും അശ്ലീല സിനിമകള്‍ കണ്ടിരിപ്പാണ് മകനെന്ന് ഇതിനിടെ ഖുറേഷി കണ്ടുപിടിച്ചു. ഞായറാഴ്ച കയ്യോടെ പിടികൂടിയ ഫോണ്‍ എറിഞ്ഞുടക്കാന്‍ ഖുറേഷി ശ്രമിച്ചു. തര്‍ക്കത്തിനൊടുവില്‍ അച്ഛന്‍റെ കയ്യില്‍ കടിച്ച ഖാലിദ് ഇനി തിരിച്ചുവരില്ലെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി. എന്നാല്‍ അന്ന് രാത്രി തന്നെ ഖാലിദ് വീട്ടില്‍ തിരിച്ചെത്തിയിരുന്നു.

രാവിലെ മകനെ കണ്ട ഖുറേഷി കുപിതനായി ജോലിക്കുപയോഗിക്കുന്ന കത്തിയെടുത്ത് വലത് കൈപ്പത്തിക്ക് മുകളില്‍ വെട്ടുകയായിരുന്നു. അറ്റുവീണ കയ്യുമായി നിലവിളിച്ച ഖാലിദിനെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്. പൊലീസില്‍ കീഴടങ്ങിയ ഖുറേഷി കുറ്റം സമ്മതിച്ചു. അശ്ലീല സിനിമകളില്‍ മുഴുകിയതിലുളള ദേഷ്യം കൊണ്ടാണ് കൈവെട്ടിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഖുറേഷിയുടെ നാല് മക്കളില്‍ മൂത്തയാളാണ് ഖാലിദ്.