കൊല്ലം കാവനാട് പിഞ്ചുമക്കളെ വെള്ളത്തില്‍ മുക്കി കൊന്ന ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു. അച്ഛന് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കാവനാട് അരവിള സ്വദേശി മുപ്പത്തിയെട്ട് വയസുള്ള അനില്‍, ഇയാളുടെ മക്കളായ അഞ്ച് വയസുകാരന്‍ ആദര്‍ശ് രണ്ട് വയസുകാരന്‍ ദര്‍ശന്‍ എന്നിവരാണ് മരിച്ചത്. രാവിലെ എട്ട് മണിയോടെയാണ് സംഭവം. അനിലിന്‍റെ ഭാര്യ ഡാലിയ പള്ളിയില്‍ പോയ സമയത്താണ് കൊലപാതകം നടക്കുന്നത്. വീട്ടിലെ കുളിമുറിയിലെ ബക്കറ്റില്‍ വെള്ളം നിറച്ച ശേഷം അനില്‍ അതില്‍ കീടനാശിനി കലര്‍ത്തി. ആദ്യം ഇളയമകന്‍ ദര്‍ശനെ ഇതില്‍ മുക്കി കൊലപ്പെടുത്തി. പിന്നീട് ആദര്‍ശിനെയും വെള്ളത്തില്‍ മുക്കി കൊന്നു. കുട്ടികളുടെ കരച്ചില്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായ പൊത്തിപ്പിടിച്ചിരുന്നു.കുട്ടികള്‍ മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം അടുക്കളയില്‍ എത്തിയ അനില്‍ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചു. ഭാര്യ പള്ളിയില്‍ നിന്നും തിരിച്ചെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. അനില്‍ മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. മത്സ്യത്തൊഴിലാളിയായ ഇയാള്‍ നേരത്തെയും ആത്മഹത്യാ പ്രവണത കാണിച്ചിരുന്നു. കുറച്ച് നാളുകളായി ജോലിക്ക് പോകുന്നില്ല. സംഭവമറിഞ്ഞ് പ്രദേശത്ത് നാട്ടുകാര്‍ തടിച്ച് കൂടി. കൊല്ലം സിറ്റി പൊലീസാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.