ഉത്തർ പ്രദേശിലെ ലഖ്നൗവിൽ കോച്ചിങ് സെൻ്ററിൽ ഉണ്ടായ തീപിടിത്തത്തിൽ നാലുപേർ അറസ്റ്റിൽ. കെട്ടിടത്തിലെ മറ്റ് സ്ഥാപനങ്ങളുടെ ഉടമകളും നടത്തിപ്പുകാരുമാണ് അറസ്റ്റിലായത്. തീപിടിത്തത്തിൽ 15 പേരാണ് മരിച്ചത്. 

ലഖ്നൗ: ഉത്തർ പ്രദേശിലെ ലഖ്നൗവിൽ കോച്ചിങ് സെൻ്ററിൽ ഉണ്ടായ തീപിടിത്തത്തെ തുട‍ർന്ന് 15 പേ‍‍ർ മരണപ്പെട്ട സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. ആറുപേർക്കെതിരെ ആണ് കേസെടുത്തത്. ഒളിവിൽ പോയ രണ്ടുപേരെ കണ്ടെത്താനായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കോച്ചിങ് സെൻ്റർ ഉൾപ്പെടുന്ന കെട്ടിടത്തിലെ മറ്റ് സ്ഥാപനങ്ങളുടെ ഉടമകളും നടത്തിപ്പുകാരുമാണ് അറസ്റ്റിലായവരിൽ ഉൾപ്പെടുന്നത്. ബിഎൻഎസ് 105, 125 തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കെട്ടിടത്തിൻ്റെ സുരക്ഷ സംബന്ധിച്ചു മറ്റുള്ളവരുടെ പങ്ക് പൊലീസ് പരിശോധിച്ചു വരികയാണ്. സംസ്ഥാന സർക്കാർ നിയോഗിച്ച എസ്ഐടി ആണ് കേസ് അന്വേഷണം നടത്തുന്നത്. ഏഴ് ദിവസത്തിനകം അന്വഷണ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ എസ്ഐടിക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലഖ്നൗവിലെ അലി​ഗഞ്ജിൽ സ്ഥിതിചെയ്യുന്ന ആനിമേഷൻ കോച്ചിങ് സെന്ററിലാണ് തീപിടിത്തം ഉണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. പാ‍‍ർപ്പിട ആവശ്യങ്ങൾക്ക് അം​ഗീകാരം നൽകിയിരുന്ന കെട്ടിടം 2014ൽ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കുകയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. ഇതുസംബന്ധിച്ച നടപടിയെടുക്കാത്ത 16 ഓളം ഉദ്യോ​ഗസ്ഥരുടെ പട്ടിക അന്വേഷണ സംഘം തയ്യാറാക്കി.

കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട്, ​ഗെയിം സോൺ, ഷോറൂമുകൾ എന്നിവ ഉൾപ്പെട്ട ഷോപ്പിങ് കോംപ്ലക്സിനാണ് തീപിടിച്ചത്. കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ച തീപിടിത്തം പെട്ടെന്ന് കെട്ടിടമാകെ വ്യാപിക്കുകയായിരുന്നു. ഉടൻതന്നെ പൊലീസ്, ഫയർ ഫോഴ്സ്, ജില്ലാ ഭരണകൂടം ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. ജീവൻ രക്ഷിക്കാൻ വേണ്ടി ചില‍ർ ഒന്നാം നിലയിൽനിന്ന് താഴേക്ക് ചാടി. മരണപ്പെട്ടവരിൽ ഭൂരിഭാ​ഗവും 16നും 25നും ഇടയിൽ പ്രായമുള്ള വിദ്യാ‍ർത്ഥികളാണ്. ശ്വാസതടസ്സം മൂലമാണ് ഭൂരിഭാ​ഗം പേർക്കും ജീവൻ നഷ്ടമായത്. പരിക്കേറ്റ ആറ് വിദ്യാ‍ർത്ഥികളെ ലഖ്നൗവിലെ കെജിഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.