തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരിയായ മകളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്തു മാരായിമുട്ടം സ്വദേശി ബിജുവാണ് സ്വന്തം മകളുടെ ജീവനെടുത്ത ശേഷം തൂങ്ങി മരിച്ചത്.

ഇന്നുച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം. ഭാര്യയും ഇളയകുട്ടിയും വീട്ടിലില്ലാത്ത സമയത്താണ് ബിജു മകളെ കൊലപ്പെടുത്തി ആത്മഹത്യചെയ്ത്. അടുത്തവീട്ടിൽ വിവാഹത്തിനു പങ്കെടുക്കാൻ പോയ ഭാര്യ തിരച്ചെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു തുടർന്ന് വീട് തള്ളി തുറന്നപ്പോളാണ് ബിജുവിനെയും മകളെയും വീടിന്‍റെ ഉത്തരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

നിർമ്മാണ തൊഴിലാളിയായ ബിജുവിന്റെ മൂത്ത മകൾക്ക് പത്തു വയസ്സായിട്ടും നടക്കുവാനോ സ്വന്തമായി പ്രാഥമിക കാര്യങ്ങൾ ചെയ്യുവാനോ കഴിവില്ലായിരുന്നു. കുട്ടിയെ നെയ്യാറ്റിൻകരയിലെ ഭിന്നശേഷിക്കാർക്കുള്ള സഹായകേന്ദ്രത്തിൽ കൊണ്ടുപോയെങ്കിലും കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. ഇത് ബിജുവിനെ മാനസികമായി തളർത്തിയിരുന്നു. ഇതാണ് ക്രൂരകൃത്യം ചെയ്യാൻ ബിജുവിനെ പ്രേരിപ്പിച്ചതെന്നാണ് നിഗമനം.

ബിജുവിന്റെയും മകളുടെയും മൃതദേഹങ്ങങൾ പോസ്റ്റുമോർട്ടത്തിനു ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും.