ഫോണിൽ കാമുകനുമായി ദീർഘനേരം സംസാരിച്ചതാണ് കൊലയ്ക്ക് കാരണം മഴുവിന്റെ പിടി ഉപയോഗിച്ച് തലയ്ക്കടിച്ചു
ആന്ധ്രാപ്രദേശ്: മകൾ കാമുകനുമായി ഫോണിൽ ദീർഘനേരം സംസാരിച്ചതിൽ കുപിതനായി പിതാവ് മകളെ കൊന്നു. ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയിലാണ് സംഭവം. മകളുടെ പ്രണയത്തെ പിതാവ് അംഗീകരിക്കാൻ തയ്യാറല്ലായിരുന്നു. ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന മകളെ മഴുവിന്റെ പിടിയായി ഉപയോഗിക്കുന്ന കുറുവടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ടൊണ്ടുപ്പു കോട്ടയ്യ എന്ന കർഷകന്റെ മകൾ ചന്ദ്രികയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചയാണ് പെൺകുട്ടി കൊല്ലപ്പെട്ടത്. പിറ്റേന്ന് പെൺകുട്ടിയുടെ ഇരുപത്തിനാലാം പിറന്നാൾ ആയിരുന്നു.
പ്രണയബന്ധം സമ്മതമല്ലാത്തതിനാലാണ് മകളെ കൊലപ്പെടുത്തിയതെന്ന് പിതാവ് കോട്ടയ്യ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. മകളുടെ ജീവൻ രക്ഷിക്കാൻ അമ്മ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അടിയേറ്റ ഉടൻ തന്നെ ചന്ദ്രിക മരിച്ചു. കോട്ടയ്യയുടെ മേൽ കൊലപാതക കുറ്റം ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു.
