ഫാദർ കുര്യാക്കോസിന്റെ മൃതദേഹം ഇന്ന് കൊച്ചിയിൽ എത്തിക്കും. സംസ്കാരം നാളെ സ്വദേശമായ ചേർത്തലയിൽ. മരണത്തിലെ അസ്വാഭാവികത അന്വേഷിക്കണമെന്ന് ബന്ധുക്കൾ.

കൊച്ചി: ജലന്ധറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച വൈദികൻ ഫാദർ കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ദില്ലിയിൽ നിന്ന് വിമാനമാർഗമാണ് മൃതദേഹം കൊച്ചിയിൽ എത്തിക്കുന്നത്. തുടർന്ന് സ്വദേശമായ ചേർത്തലയിലേക്ക് കൊണ്ടു പോകും. നാളെയാണ് സംസ്കാര ചടങ്ങുകൾ. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഫാദർ കുര്യാക്കോസന്‍റെ മൃതശരീരത്തിൽ ആന്തരികമോ ബാഹ്യമോ ആയ പരിക്കുകൾ ഇല്ലെന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ഡോക്ടർമാർ അറിയിച്ചിരുന്നു. എന്നാൽ ആന്തരിക അവയവങ്ങളുടെ രാസപരിശോധനയുടെ ഫലം വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് ഡോക്ടര്‍മാർ പറയുന്നത്. ഇതിന് ചുരുങ്ങിയത് മൂന്ന് മാസമെടുക്കും.

 22-ന് രാവിലെയാണ് വൈദികനെ ജലന്ധറിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിൽ അസ്വഭാവികതയുണ്ടെന്നും അന്വേഷിക്കണം എന്നും കാട്ടി ബന്ധുക്കൾ പഞ്ചാബ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബലാത്സംഗ പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഫാദർ കുര്യാക്കോസ് മൊഴി നൽകിയിരുന്നു. ബിഷപ്പിന്‍റെ അറസ്റ്റിനു‍പിന്നാലെ രണ്ട് തവണ ജലന്ധറിലെ അദ്ദേഹത്തിന്‍റെ വീട്ടിന് നേരെ ആക്രമണം ഉണ്ടായി. ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.