ചിക്കാഗോ: ഐ ഫോണിന് വേണ്ടി കൗമാരക്കാരായ പെണ്‍കുട്ടികള്‍ മധ്യവയസ്‌കനെ കൊലപ്പെടുത്തി. ബ്യൂണോ സാന്‍ഷെസ് എന്നയാളെയാണ് മൂന്ന് പെണ്‍കുട്ടികള്‍ ചിക്കാഗോയില്‍ കൊലപ്പെടുത്തിയത്. ചിക്കാഗോയിലെ റൗണ്ട് ലേക്ക് ബീച്ചിന് സമീപമാണ് സംഭവം. ഏപ്രില്‍ 24നാണ് ബ്യൂണോയെ കൗമാരക്കാരായ പെണ്‍കുട്ടികള്‍ ആക്രമിച്ചത്. ബ്യൂണോയുടെ ഐ ഫോണ്‍ 6 വാങ്ങാമെന്നു പറഞ്ഞ് വിളിച്ചു വരുത്തിയ ശേഷം തുച്ഛമായ പണം നല്‍കുകയായിരുന്നു. 

എന്നാല്‍ ബ്യൂണോ ഇത് നിരസിച്ചു. തന്‍റെ ഫോണ്‍ തിരിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാതെ വന്നതോടെ പെണ്‍കുട്ടികള്‍ ബ്യൂണോയെ വളയുകയായിരുന്നു. പതിനേഴ് വയസുള്ള കാറിന്‍റെ ഡ്രൈവറായിരുന്ന പെണ്‍കുട്ടി ബ്യൂണോയുടെ മുഖത്തേക്ക് ഗ്യാസ് തെറിപ്പിച്ചു. ബോധരഹിതനായ ബ്യൂണോയെ കാറില്‍ കയറ്റിയ ശേഷം പെണ്‍കുട്ടികള്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ അവിടെ ഉപേക്ഷിച്ച് സംഘം കടന്നു കളയുകയായിരുന്നു.

ബോധരഹിതനായി കിടന്നിരുന്ന ബ്യൂണോയെ പ്രദേശവാസികളില്‍ ചിലരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്‍റെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. തന്റെ പിതാവിന് വേണ്ടി പ്രാര്‍ത്ഥിക്കണെമന്ന് പറഞ്ഞുകൊണ്ട് ബ്യൂണോയുടെ മകള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ബ്യൂണോയെ ആക്രമിച്ചത് അഞ്ചംഗ സംഘമാണെന്ന് പൊലീസ് പറഞ്ഞു. പതിനെട്ട് വയസുള്ള പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.