കേസിൽ നിരപരാധിയെ ആണ് അറസ്റ്റ് ചെയ്തെന്നാരോപിച്ച് പെൺകുട്ടിയുടെ അമ്മ നേരത്തെ എസ്.പിക്ക് പരാതി നൽകിയിരുന്നു.
തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ വീണ്ടു അന്വേഷണം നടത്താൻ തിരുവനന്തപുരം റൂറൽ എസ്.പി ഉത്തരവിട്ടു. സംഭവത്തിൽ നേരത്തെ പൊലീസ് അറസ്റ്റിലായ പെൺകുട്ടിയുടെ പിതാവ് നിരപരാധിയാണെന്ന സംശയത്തെ തുടർന്നാണ് പൊലീസ് കേസിൽ വീണ്ടും അന്വേഷണം നടത്തുന്നത്.
കേസ് അന്വേഷിച്ച വെഞ്ഞാറമൂട് പൊലീസ് പെൺകുട്ടിയുടെ പിതാവിനെ പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. പീഡനത്തിനിരയായ പെൺകുട്ടി ഇതിനിടെ പ്രസവിക്കുകയും ചെയ്തു. ഈ കുഞ്ഞിന്റെ ഡിഎൻഎ പരിശോധനയിലാണ് പിതാവ് നിരപരാധിയാണെന്ന് വിവരം പുറത്തു വരുന്നത്. കേസിൽ നിരപരാധിയെ ആണ് അറസ്റ്റ് ചെയ്തെന്നാരോപിച്ച് പെൺകുട്ടിയുടെ അമ്മയും നേരത്തെ എസ്.പിക്ക് പരാതി നൽകിയിരുന്നു.
ഈ സാഹചര്യത്തിൽ കേസിൽ പുനരന്വേഷണം നടത്താൻ റൂറൽ എസ്.പി ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണദ്യോഗസ്ഥനായ വെഞ്ഞാറമൂട് സിഐക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് തുടരന്വേഷണം. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോക് കുമാറിനാണ് അന്വേഷണ ചുമതല.
