ദില്ലി: ഒരാഴ്ചയ്ക്ക് മുമ്പ് കുഞ്ഞിന് ജന്മം നല്‍കിയെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാകാതെ പതിനഞ്ചുകാരി. തന്റെ സ്‌കൂളിലെ അദ്ധ്യാപകന്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി ഒരാഴ്ച മുമ്പാണ് പ്രസവിച്ചത്. എന്നാല്‍ തന്റെ കുഞ്ഞിനെ കൊണ്ടുപോയി കളയാനാണ് കുട്ടി കരഞ്ഞുകൊണ്ട് ആവശ്യപ്പെട്ടത്.

ഉത്തരാഖണ്ഡിലാണ് സംഭവം. കുഞ്ഞിന് ജന്മം നല്‍കിയെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ അവള്‍ ഇതുവരെയും തയ്യാറായിട്ടില്ല. തന്റെ കുഞ്ഞിനെ കൊണ്ടുപോയി കളയൂ എന്നാണ് അവള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും പിതാവ് പറഞ്ഞു.  

പ്രസവിക്കാന്‍ രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെയാണ് മകള്‍ ഗര്‍ഭിണിയാണെന്ന് കുടുംബം അറിയുന്നത്. വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴായിരുന്നു അത്. ഗര്‍ഭഛിദ്രം പ്രായോഗികമല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ പെണ്‍കുട്ടിയുടെ പത്താം ക്ലാസിലെ പഠനവും മുടങ്ങി. 

പ്രസവത്തിന് ശേഷം അവള്‍ ആകെ അസ്വസ്ഥയാണ്. പഠിക്കാനോ പരീക്ഷയെഴുതാനോ കഴിഞ്ഞില്ലെന്നും പിതാവ് പറഞ്ഞു. അടുത്ത ബന്ധുവാണ് ഇപ്പോള്‍ കുഞ്ഞിനെ സംരക്ഷിക്കുന്നത്. 

57 കാരനായ പ്രമേഷ് എന്ന അദ്ധ്യാപകന്‍ പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചിരുന്നു. വിവരം പുറത്തു അറിഞ്ഞാല്‍ കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞിരുന്നു. ഇയാള്‍ നിലവില്‍ പോക്‌സോ നിയമപ്രകാരം ജയിലിലാണ്. കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.