കൊട്ടിയൂർ പീഡനം ഫാദർ റോബിൻ മാത്യുവിന്‍റെ ഹർജി മൂന്നാംതവണയും തള്ളി
കൊച്ചി: കൊട്ടിയൂർ പീഡന കേസിലെ പ്രതി ഫാദർ റോബിൻ മാത്യു വടക്കുംചേരിയുടെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. ഇന്ന് മൂന്നാം തവണയാണ് പ്രതിയുടെ ജാമ്യ ഹർജി കോടതി തള്ളുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതിന് കഴിഞ്ഞ വർഷം ഫിബ്രവരിയിലാണ് ഫാദർ റോബിൻ അറസ്റ്റിലായത്.
പീഡന കേസിൽ ഒരു വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന ഫാദർ റോബിൻ രണ്ട് തവണ തലശ്ശേരി സെഷൻസ് കോടതി ജാമ്യ ഹർജി തള്ളിയതിന് പിറകെയാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ പ്രതി ഉന്നത സ്വാധീനമുല്ള വ്യക്തിയാണെന്നും നേരത്തെ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ജാമ്യാപേക്ഷയെ എതിർത്ത് പ്രസിക്യൂഷൻ നിലപാടെടുത്തു. വിചാരണ കഴിയും മുൻപ് പ്രതിക്ക് ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. തുടർന്നാണ് ഹൈക്കോടതി ജാമ്യ ഹർജി തള്ളിയത്.
കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ആയിരിക്കെ പള്ളിയിലെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിലായിരുന്നു റോബിൻ വടക്കുംചേരി അറസ്റ്റിലാകുന്നത്.പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയും വിവരം പുറത്തറയാതിരിക്കാൻ വൈദികൻ പണം വാഗ്ദാനം ചെയ്യുകയും ചെയ്തു.
എന്നാൽ പെൺകുട്ടിയുടെ അമ്മ പരാതിയുമായി രംഗത്തെത്തിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.പെൺകുട്ടി പ്രസവിച്ചത് ഫാദർ റോബിൻ വടക്കുംചേരിയുടെ കുഞ്ഞിനെയാണെന്ന് പിന്നീട് ഡിഎൻ.എ പരിശോധനയിലൂടെ വ്യക്തമാകുകയും ചെയ്തു. കേസിൽ ഫാദർ റോബിൻ വടക്കുംചേരി അടക്കം പത്ത് പ്രതികളുണ്ടെങ്കിലും 9 പേർക്കും നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
