പിച്ചള പാത്രത്തിന് നാസയില്‍ നിന്നും വന്‍തുക വാങ്ങി നല്‍കാമെന്നായിരുന്നു ഇവര്‍ നല്‍കിയ വാഗ്ദാനം

ദില്ലി: വ്യാപാരിയെ പറ്റിച്ച് പണം തട്ടിയതിന് പിതാവും മകനും അറസ്റ്റില്‍. ഗവേഷണ ആവശ്യത്തിനായി നാസ തിരയുന്ന പാത്രം നാസയ്ക്ക് നല്‍കി വന്‍തുക നല്‍കാമെന്ന് പറഞ്ഞായിരുന്നു ദില്ലി സ്വദേശിയായ വ്യാപാരിയെ വഞ്ചിച്ചത്. വ്യാപാരിയുടെ കൈവശമുണ്ടായിരുന്നു പിച്ചള പാത്രത്തിന് വന്‍തുക വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. പാത്രത്തിനായി ഒരു കോടി 43 ലക്ഷം രൂപയാണ് വ്യാപാരിയില്‍ നിന്ന് ഇവര്‍ കൈക്കലാക്കിയത്. 

വസ്ത്ര വ്യാപാരിയായ നരേന്ദ്രര്‍ ആണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. വീരേന്ദ്രര്‍ മോഹന്‍ ബ്രാര്‍, മകന്‍ ബാബാ ബ്രാര്‍ എന്നിവര്‍ വഞ്ചിച്ചെന്നായിരുന്നു പരാതി. പിച്ചള കൊണ്ട് നിര്‍മിച്ച പാത്രം ഇടിമിന്നലില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്നതാണെന്നും ഇത് വിറ്റാല്‍ വന്‍ലാഭമുണ്ടാകുമെന്നും ഇവര്‍ വ്യാപാരിയെ വിശ്വസിപ്പിക്കുകയായിരുന്നു.

മുപ്പത് കോടിയ്ക്ക് മുകളില് ലാഭം ഈ പാത്രം നാസയ്ക്ക് നല്‍കിയാല്‍ ലഭിക്കുമെന്ന വാഗ്ദാനത്തില്‍ വ്യാപാരി വീണു പോയത്. ഇതിന് ടോക്കണ്‍ അഡ്വാന്‍സായി വന്‍തുകയും ഇവര്‍ വ്യാപാരിയില്‍ നിന്ന് വാങ്ങിയെടുക്കുകയായിരുന്നു. പാത്രത്തിന്റെ പഴക്കവും ശുദ്ധിയും തെളിയിക്കപ്പെട്ടാല്‍ ഉടന്‍ തന്നെ 10 കോടി രൂപ വ്യാപാരിയ്ക്ക് നല്‍കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. 

ശുദ്ധി പരീക്ഷണ സമയത്ത് പാത്രത്തില്‍ നിന്ന് ഉണ്ടാവുന്ന റേഡിയേഷന്‍ ഏല്‍ക്കാതിരിക്കാന്‍ പ്രത്യേക വസ്ത്രം വേണമെന്നും ഈ വസ്ത്രത്തിന്റെ ചെലവിനും, നാസയില്‍ നിന്നുള്ള ശസ്ത്രജ്ഞരുടെ ചെലവിനും വേണ്ടിയെന്ന് പറഞ്ഞാണ് ഇവര്‍ 43 ലക്ഷം രൂപ വ്യാപാരിയില്‍ നിന്ന് തട്ടിയെടുത്തത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലോഹത്തിന്റെ ശുദ്ധി ഉറപ്പ് വരുത്താനുള്ള ടെസ്റ്റ് ഹപൂറില്‍ വച്ച് നടത്താമെന്നും വാഗ്ദാനം ചെയ്ത് ഇവര്‍ മുങ്ങുകയായിരുന്നു. പിന്നീട് ഇവരെ വിളിച്ചിട്ട് കിട്ടാതായതോടെ വ്യാപാരിയ്ക്ക് അബദ്ധം പറ്റിയത് മനസിലാവുകയും പൊലീസില്‍ അറിയിക്കുകയായിരുന്നു.

പിന്നീട് പൊലീസിന്റെ നിര്‍ദ്ദേശാനുസരണം വ്യാപാരി അച്ചനെയും മകനെയും നിരന്തരം ടെസ്റ്റിനെക്കുറിച്ച് ചോദിച്ച് ശല്യപ്പെടുത്തുകയായിരുന്നു. വ്യാപാരിയില്‍ നിന്നുള്ള സമ്മര്‍ദ്ദം താങ്ങാനാവാതെ ശാസ്ത്രജ്ഞരുടെ വേഷത്തില്‍ എത്തിയ ഇവരെ പൊലീസ് പിടികൂടുകയായിരുന്നു.