കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിയായ ജലന്ധർ ബിഷപ്പിന്‍റെ ചിത്രം നല്‍കിയ കലണ്ടര്‍ സഭയുടെ ഔദ്യോഗിക കലണ്ടർ അല്ലെന്നും ബിഷപ്പിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ടാകാമെന്നും സൂസെ പാക്യം ഇടുക്കിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇടുക്കി: സംസ്ഥാന സര്‍ക്കാറിന്‍റെ നവോത്ഥാന യോഗത്തിലേക്ക് തങ്ങളെ വിളിച്ചിട്ടില്ലെന്ന് കെ സി ബി സി അധ്യക്ഷന്‍ സൂസെ പാക്യം. നവോത്ഥാന ചിന്തകളുടെ പ്രചരണത്തിന് സഭ നേതൃത്വം കൊടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ നവോത്ഥാന കാര്യങ്ങൾ ചർച്ച ചെയ്യുന്ന യോഗത്തിൽ സഭയെ പങ്കെടുപ്പിക്കേണ്ടതായിരുന്നു. എന്നാല്‍ പങ്കെടുപ്പിക്കാത്തതിന്റെ കാരണം അറിയില്ലെന്നും രാഷ്ട്രീയ - മത നീക്കങ്ങളോട് സഭയ്ക്ക് യോജിപ്പില്ലെന്നും സൂസെപാക്യം പറഞ്ഞു.
അതേസമയം ശബരിമല യുവതീ പ്രവേശനവിഷയത്തില്‍ വിശ്വാസത്തിനു എതിരായി ഒന്നും ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിന്റെ ആചാരങ്ങൾ സംബന്ധിച്ച് നിയമം ഉണ്ടാക്കുമ്പോൾ ആചാരം അനുഷ്ഠിക്കുന്നവരുടെ വികാരം കൂടി പരിഗണിക്കണമെന്നും കെ സി ബി സി അധ്യക്ഷന്‍ പറഞ്ഞു.
കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിയായ ജലന്ധർ ബിഷപ്പിന്‍റെ ചിത്രം നല്‍കിയ കലണ്ടര്‍ സഭയുടെ ഔദ്യോഗിക കലണ്ടർ അല്ലെന്നും ബിഷപ്പിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ടാകാമെന്നും സൂസെ പാക്യം ഇടുക്കിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഊഹാപോഹങ്ങളുടെ പേരില്‍ ഒരു തീരുമാനം സഭ എടുക്കില്ല. തെറ്റ് പറ്റിയെങ്കിൽ സഭ അത് തിരുത്തും. കുറ്റക്കാരെ സംരക്ഷിക്കുന്ന സമീപനമുണ്ടാകില്ലെന്നും സൂസെ പാക്യം വ്യക്തമാക്കി.
