ദില്ലി: ഫാദര്‍ ടോം ഉഴുന്നാലിന്‍റെ മോചനത്തില്‍ വത്തിക്കാന്‍റെ ഇടപെടല്‍ പരോക്ഷമായി തള്ളി കേന്ദ്രസര്‍ക്കാര്‍. വത്തിക്കാന് നന്ദി അറിയിക്കാതെ യെമനും ഒമാനും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നന്ദി അറിയിച്ചു. മോചനദ്രവ്യം നല്‍കിയെന്ന റിപ്പോര്‍ട്ടും വിദേശകാര്യ മന്ത്രാലയം തള്ളി. ശബ്ദകോലാഹലങ്ങളില്ലാതെ നിശബ്ദമായാണ് കേന്ദ്രസര്‍ക്കാര്‍ നയതന്ത്ര ഇടപെടല്‍ നടത്തിയത്. മോചനദ്രവ്യം നല്‍കിയിട്ടില്ല

ടോം ഉഴുന്നലിന്‍റെ മോചനത്തില്‍ അവകാശത്തര്‍ക്കത്തിന് മൂര്‍ച്ച കൂട്ടിയായിരുന്നു കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍റെ ട്വീറ്റ്. വത്തിക്കാന് നന്ദി അറിയിക്കാതെ ഒമാനും യെമനും നന്ദി സുഷമ സ്വരാജ് നന്ദി പറ‌ഞ്ഞു. കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കും ജനങ്ങള്‍ക്കും ഫാദര്‍ ടോം ഉഴുന്നാലില്‍ ഫോണിലൂടെ അകമഴിഞ്ഞ നന്ദി അറിയിച്ചെന്നും വിദേശകാര്യമന്ത്രി.

വത്തിക്കാന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് യമന്‍ ഭരണാധികാരികളുമായി ഒമാന്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തിയതെന്ന് ഒമാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഭരണാധികാകരി സുല്‍ത്താന്‍ ഖാബൂസിന്റെ വാക്കുകളെ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട്.വത്തിക്കാന്‍ മോചനദ്രവ്യമായി വത്തിക്കാന്‍ ഒരു കോടി ഡോളര്‍ നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ വിദേശകാര്യമന്ത്രാലയം തള്ളി.

വത്തിക്കാനില്‍ നിന്ന് എപ്പോള്‍ ഇന്ത്യയിലേക്ക് വരണമെന്ന് തീരുമാനിക്കേണ്ടത് ടോം ഉഴുന്നാലിനാണെന്നും വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്‍റെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ മോചനം അസാധ്യമായേനേ എന്നായിരുന്നു കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ പ്രതികരണം.