ദില്ലി: യെമനിൽ ഐ എസ് ഭീകരർ മോചിപ്പിച്ച ഫാ ടോം ഉഴുന്നാലിൽ ദില്ലിയിലെത്തി. പ്രധാനമന്ത്രി ഉള്‍പ്പടെയുളളവരുമായി ഫാദര്‍ ടോം ഉഴുന്നാലില്‍ കൂടിക്കാഴ്ച നടത്തി. അതിനുശേഷം വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയും അദ്ദേഹം കണ്ടു. ഇന്ന് രാവിലെ 7.15 ഓടെ ദില്ലി വിമാനത്താവളത്തിലാണ് ഫാദർ എത്തിയത്. ഫാ.ടോം ഉഴുന്നാലിലിനെ സുരക്ഷിതമായി എത്തിക്കാന്‍ കഴിഞ്ഞതില്‍ ആശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉഴുന്നാലിലിനെ ഇന്ത്യയില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവും ആശ്വാസവുമുണ്ടെന്നും മോദി പറഞ്ഞു. പിന്നീട് ഉഴുന്നാലിലിന്‍റെ ആരോഗ്യ സ്ഥിതിയെ കുറിച്ചും പ്രധാനമന്ത്രി ചോദിച്ചു.

 ഇതിന് ശേഷം ഫാ.ടോം വിദേശകാര്യമന്ത്രി സുഷമ സുരാജുമായും കൂടിക്കാഴ്ച നടത്തി. വത്തിക്കാനില്‍ നിന്ന് നേരിട്ട് കേരളത്തിലേക്ക് പോകാനായിരുന്നു നിശ്ചിയിച്ചിരുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാറിന്‍റെ ആവശ്യം അംഗീകരിച്ച് ദില്ലിയില്‍ എത്തുകയായിരുന്നു. ഉച്ചയ്ക്ക് വത്തിക്കാന്‍ എംബസി അദ്ദേഹത്തിനായി വിരുന്നുമൊരുക്കിയിരുന്നു. 556 ദിവസം ഐ എസ് ഭീകരരുടെ തടവിന് ശേഷം സെപ്തബംര്‍ 12 നാണ് മോചിപ്പിച്ചത്.

സി ബി സി ഐ സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം 29ന് ബെംഗളൂരുവിലെത്തും. ബെംഗളൂരുവിലെ സെലേഷ്യന്‍ സഭാ ആസ്ഥാനത്ത് സ്വീകരണ പരിപാടിയും സര്‍വമത പ്രാര്‍ത്ഥനയും നടക്കും. തന്റെ അനുഭവങ്ങള്‍ ഫാ.ടോം പങ്കുവെക്കും. അന്നേ ദിവസം നടക്കുന്ന ബിഷപ്‌സ് കൗണ്‍സില്‍ യോഗത്തിനിടെ ബിഷപ്പുമാരെയും ഫാ. ടോം കാണുന്നുണ്ട് .

30 ന് ബെംഗളൂരുവില്‍ കഴിയുന്ന അദ്ദേഹം ഞായറാഴ്ചയാണ് കേരളത്തിലേക്ക് തിരിക്കുക. ഒക്ടോബര്‍ ഒന്നിന് എറണാകുളത്തെത്തും. ജന്മസ്ഥലമായ കോട്ടയം രാമപുരത്ത് അദ്ദേഹത്തിന് സ്വീകരണം നല്‍കും. തിരുവനന്തപുരത്തെത്തുന്ന ഫാ.ടോം മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും കണ്ട് നന്ദി അറിയിക്കും.