ദില്ലി: ഹരിയാനയില്‍ അച്ഛനും അമ്മാവനും മൂന്നു കുട്ടികളെ വെടിവച്ചു കൊന്ന് കാട്ടില്‍ ഉപേക്ഷിച്ചു. പഞ്ച്കുളയിലെ മോര്‍ണി കാടുകളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കുരുക്ഷേത്ര സ്വദേശികളായ ജഗദീപ് മാലിക്കിനെയും സഹോദരന്‍ സോനു മാലിക്കിനെയുമാണ് ഹരിയാനാ പൊലീസ് അറസ്റ്റ് ചെയ്തത്.

സോനുവിന്റെ മക്കളായ പതിനൊന്നു വയസ്സുള്ള സമീര്‍, എട്ടുവയസുള്ള സിമ്രാന്‍, നാലു വയസ്സുള്ള സമര്‍ എന്നിവരെ പഞ്ച് കുളയിലെ കാട്ടില്‍ കൊണ്ടു പോയി വെടിവച്ച് കൊല്ലുകയായിരുന്നു.മറ്റൊരു സ്‌ത്രീയുമായി സോനുവിനുണ്ടായിരുന്നു ബന്ധമാണ് കുട്ടികളുടെ കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. രാവിലെ കളിക്കാന്‍ പോയ കുട്ടികളെ സോനുവും ജഗദീപും ചേര്‍ന്ന് തട്ടികൊണ്ടുപോകുകയായിരുന്നു. ഇവരെ കാട്ടില്‍ കൊണ്ടു പോയി ഒരോരുത്തരെയായി ജഗദീപ് വെടിവച്ചുകൊന്നു.

കുട്ടികളുടെ മ‍ൃതദേഹങ്ങള്‍ കാട്ടില്‍ തന്നെ ഉപേക്ഷിച്ച ഇവര്‍ തിരിച്ചു ഗ്രാമത്തിലെത്തി കുട്ടികള്‍ക്കായുള്ള തിരച്ചിലില്‍ പങ്കെടുക്കുകയും ചെയ്തു . കുട്ടികളെ ഒഴിവാക്കി പുതിയ പങ്കാളിയോടൊപ്പം ജീവിക്കുവാനായിരുന്നു ഇയാളുടെ സോനുവിന്റെ പദ്ധതി. ഞായറാഴ്ച മുതല്‍ കുട്ടികളെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് ജഗദീപിനെയും സോനു വിനെയും കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറം ലോകം അറിഞ്ഞത്. സോനുവിന്റെ പെരുമാറ്റത്തിലുണ്ടായ സംശയമാണ് പൊലീസിനെ പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.