മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരമാണ് മകനെ തിരിച്ചുകിട്ടുന്നതിനായി ഇയാള്‍ ശവകുടീരത്തിനരികെ ചിലവഴിച്ചത്.  മന്ത്രവാദിക്ക് ഏഴ് ലക്ഷം നല്‍കുകയും ചെയ്തിരുന്നു. 

വിജയവാഡ: മരിച്ച മകന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് വിശ്വസിച്ച് പിതാവ് ശവകുടീരത്തിനരികെ ചിലവഴിച്ചത് 38 ദിവസങ്ങള്‍. ആന്ധ്രാപ്രദേശിലെ നെല്ലോര്‍ ജില്ലയിലാണ് സംഭവം. തുപ്പകുള രാമുവാണ് മകന് വേണ്ടി ശവകുടീരത്തില്‍ ദിവസങ്ങള്‍ കാവല്‍ നിന്നത്. കഴിഞ്ഞ മാസമാണ് രാമുവിന്‍റെ മകന്‍ ടി ശ്രീനിവാസലു പന്നി പനി ബാധിച്ച് മരിച്ചത്. 

കുവൈറ്റില്‍ 2014 മുതല്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്ന ശ്രീനിവാസലു മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയത്. കുവൈറ്റില്‍ നിന്നും നാട്ടിലെത്തിയ ശ്രീനിവാസലു ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഒരു ഓട്ടോറിക്ഷ വാങ്ങിയിരുന്നു. ഇതിനിടെയാണ് രോഗബാധിതനായി മരിക്കുന്നത്.

മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരമാണ് മകനെ തിരിച്ചുകിട്ടുന്നതിനായി ഇയാള്‍ ശവകുടീരത്തിനരികെ ചിലവഴിച്ചത്. മന്ത്രവാദിക്ക് ഏഴ് ലക്ഷം നല്‍കുകയും ചെയ്തിരുന്നു. സംഭവം പൊലീസറിഞ്ഞതോടെ രാമുവിന് കൗണ്‍സില്‍ കൊടുത്ത് തിരികെ വീട്ടിലെത്തിക്കുകയായിരുന്നു. മന്ത്രവാദിക്കെതിരെ പരാതി നല്‍കാന്‍ രാമു തയ്യാറാകാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.