പാറ്റ്ന: നിയമസഭയില്‍ ജയ് ശ്രീറാം എന്ന് വിളിച്ച ബിഹാര്‍ മന്ത്രി മാപ്പ് പറഞ്ഞു. ജനതാദള്‍ യുണെറ്റഡ് അംഗമായ ഫിറോസ് അഹമ്മദാണ് മാപ്പ് പറഞ്ഞത്. ഫിറോസിന്‍റെ ജയ് ശ്രീറാം വിളി വാര്‍ത്തയായതോടെ ഇദ്ദേഹത്തിന് എതിരെ ഇമാരത് ഷരിയാഹ് എന്ന സംഘടന ഫത്വ ഇറക്കിയിരുന്നു. തന്‍റെ പ്രവര്‍ത്തിയിലൂടെ ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടുവെങ്കില്‍ മാപ്പ് ചോദിക്കുന്നു എന്നാണ് ഫിറോസ് അഹമ്മദ് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞത്.
എല്ലാവര്‍ക്കും അവരുടെതായ വിശ്വാസമുണ്ട് അതിനെ അപമാനിക്കാന്‍ ഞാന്‍ ആളല്ല. എന്‍റെ പ്രവര്‍ത്തി മതനിന്ദയായി തോന്നിയെങ്കില്‍, അല്ലെങ്കില്‍ ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയെങ്കില്‍ ഞാന്‍ മറുപടി നല്‍കുമായിരുന്നു. സമൂഹമാണ് മനുഷ്യനെ മതങ്ങളാക്കി തിരിക്കുന്നത്, മതത്തിലുപരി നമ്മള്‍ മനുഷ്യരാണ്. മതത്തില്‍ അല്ല മനുഷ്യനായാണ് നാം ജനിക്കുന്നത് മന്ത്രി വ്യക്തമാക്കുന്നു.
ഫത്വ ഒരു ആള്‍ക്കൂട്ടത്തിന്‍റെ തീരുമാനമാണെന്ന് അഹമ്മദ് അഭിപ്രായപ്പെട്ടു. അതേ സമയം ജയ് ശ്രീറാം ഉരുവിട്ട ഒരാള്‍ ഒരിക്കലും ഇസ്ലാം വിശ്വാസിയായിരിക്കില്ലെന്ന് അതിനാലാണ് ഫത്വ ഏര്‍പ്പെടുത്തിയതെന്നും ഇമാരത് ഷരിയാഹ് സംഘടന തലവന്‍ വ്യക്തമാക്കുന്നു.
