കണ്ണൂര്‍: ഫസല്‍ വധക്കേസില്‍ സുബീഷ് നടത്തിയ വെളിപ്പെടുത്തലുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന്‍ ഹൈക്കോടതിയിലേക്ക്. തെളിവുകള്‍ സിബിഐ കോടതി തള്ളിയ സാഹചര്യത്തിലാണ്, വെളിപ്പെടുത്തലുകള്‍ യഥാര്‍ത്ഥമാണോ എന്നറിയാന്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള നടപടികള്‍ സജീവമാക്കിയിരിക്കുന്നത്. സിബിഐ അന്വേഷിച്ചിട്ടും കേസ് നീണ്ടുപോവുകയാണെന്നും ഫസലിന്റെ സഹോദരന്‍ അബ്ദുറഹ്മാന്‍ പറഞ്ഞു.

ഫസല്‍ കേസില്‍ സുബീഷിന്റെ കുറ്റസമ്മത മൊഴിയോടെ വിവാദത്തിലാവുകയും, പിന്നീട് സിബിഐ കോടതി ഇവ തള്ളിയതോടെ ആശ്വസിക്കുകയും ചെയ്തവരെ സമ്മര്‍ദത്തിലാക്കുന്നതാണ് പുതിയ നീക്കങ്ങള്‍. സുബീഷിന്റെ വെളിപ്പെടുത്തലില്‍ പരാമര്‍ശിച്ച മറ്റു കൊലപാതകക്കേസുകളില്‍ ഇവ മുഖവിലക്കെടുത്ത് പൊലീസ് സ്വീകരിച്ച നടപടികള്‍ കൂടി പരാമര്‍ശിച്ചാണ്, വസ്തുതകളറിയണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നത്. വെളിപ്പെടുത്തലുകളിലൂന്നിയാണ് ഹര്‍ജി നല്‍കുന്നത്.

കൃത്യമായി കൊലപാതകം വിവരിക്കുകയും, എന്നാല്‍ തന്നെക്കെട്ടിത്തൂക്കിയടക്കം മര്‍ദിച്ചു പറയിച്ചതാണെന്ന് പറഞ്ഞ് സുബീഷ് തന്നെ ഇവ നിഷേധിക്കുകയും, നുണ പരിശോധനയ്ക്ക് വരെ ആവശ്യമുയരുകയും ചെയ്ത സാഹചര്യത്തില്‍ ഇതന്വേഷിക്കാതിരിക്കുന്നത് നീതിയല്ലെന്നാണ് നിലപാട്.

അന്വേഷണത്തില്‍ പുറത്തുവരുന്ന കാര്യങ്ങള്‍ അനുകൂലമായാലും പ്രതികൂലമായാലും പുറകോട്ടില്ലെന്നും, സുപ്രീം കോടതി വരെ പോകാന്‍ തയാറെന്നും അബ്ദുഘഹ്മാന്‍ പറയുന്നു. അഭിഭാഷകരുടെ സഹായത്തോടെ ദിവസങ്ങള്‍ക്കകം ഹര്‍ജി നല്‍കാനാണ് ഒഒരുങ്ങുന്നത്.