വിവാഹേതര ലെെംഗിക ബന്ധം കുറ്റകരമല്ലെന്നുള്ള സുപ്രീം കോടതിയുടെ വിധി ഉള്ളപ്പോള്‍ പോലും ഇങ്ങനെ ചോദിക്കുന്നത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ മാനേജ്മെന്‍റിന്‍റെ നിബന്ധന അങ്ങനെയാണെന്നായിരുന്നു മറുപടി

കോഴിക്കോട്: വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ ഹോട്ടലില്‍ മുറി നല്‍കാനാവില്ലെന്ന നിബന്ധനകള്‍ക്കെതിരെ രൂക്ഷപ്രതികരണവുമായി യുവാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. തനിക്ക് കോഴിക്കോട് ഭാര്യയുമായി ചെന്നപ്പോഴുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയാണ് മന്‍സൂര്‍ കൊച്ചുകടവ് എന്ന യുവാവ് പ്രതികരണവുമായി രംഗത്തെത്തിയത്.

സംഭവത്തെ കുറിച്ച് മന്‍സൂര്‍ പറയുന്നതിങ്ങനെ: ഒന്നര മാസം മുന്‍പാണ് തന്‍റെ വിവാഹം കഴിഞ്ഞത്. കഴിഞ്ഞ ദിവസം ഭാര്യയുമായി കോഴിക്കോട് എത്തിയപ്പോള്‍ ഓണ്‍ലെെന്‍ വഴി ബുക്ക് ചെയ്ത ഹോട്ടലില്‍ എത്തി. എന്നാല്‍, ഞങ്ങള്‍ ഭാര്യയും ഭര്‍ത്താവും ആണെന്നുള്ള തെളിവ് നല്‍കാതെ മുറി നല്‍കാനാവില്ലെന്നായിരുന്നു അവരുടെ വാദം.

വിവാഹേതര ലെെംഗിക ബന്ധം കുറ്റകരമല്ലെന്നുള്ള സുപ്രീം കോടതിയുടെ വിധി ഉള്ളപ്പോള്‍ പോലും ഇങ്ങനെ ചോദിക്കുന്നത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ മാനേജ്മെന്‍റിന്‍റെ നിബന്ധന അങ്ങനെയാണെന്നായിരുന്നു മറുപടി.

ഒടുവിൽ ഭാര്യയും ഭർത്താവും ആണെന്ന് കാണിക്കാനുള്ള വിവാഹ ഫോട്ടോ അവർക്ക് അയച്ചു കൊടുത്ത ശേഷമാണ് മുറി നല്‍കിയതെന്ന് മന്‍സൂര്‍ പറഞ്ഞു. ഇതിനെതിരെ കളക്ടര്‍ക്ക് ഔദ്യോഗികമായി പരാതി നല്‍കാനാണ് തന്റെ തീരുമാനമെന്നും മന്‍സൂര്‍ വ്യക്തമാക്കി.