Asianet News MalayalamAsianet News Malayalam

ഇ മെയില്‍ വിവാദം: ഹിലരി ക്ലിന്‍റനെതിരെ കുറ്റം ചുമത്തേണ്ടെന്ന് എഫ്.ബി.ഐ

FBI Director James Comey Recommends No Charges for Hillary Clinton on Email
Author
New York, First Published Jul 6, 2016, 1:19 AM IST

2009-2013 കാലയളവിൽ ഹിലരി ക്ലിന്‍റൻ വിദേശകാര്യ സെക്രട്ടറിയായിരിക്കെ രാജ്യസുരക്ഷ സംബന്ധിച്ച തന്ത്രപ്രധാന വിവരങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തു എന്നായിരുന്നു ആരോപണം. അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങളടങ്ങിയ ഇ മെയിലുകൾ മിസിസ് ക്ലിന്‍റൻ സ്വകാര്യ ഇ മെയിൽ അക്കൗണ്ട് ഉപയോഗിച്ച് കൈകാര്യം ചെയ്തു എന്നതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട ആരോപണം. 

ഡെമോക്രാറ്റിക് പാർട്ടിയുടെ അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർത്ഥിത്വം ഉറപ്പിച്ച ഹിലരിക്കെതിരെ ഈ ആരോപണം രാഷ്ട്രീയ എതിരാളികൾ ഗൗരവമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഹിലരിക്ക് ആശ്വാസമായി എഫ്ബിഐയുടെ തീരുമാനം വരുന്നത്. ഹിലരിക്കെതിരെ കുറ്റം ചുമത്തേണ്ട സാഹചര്യമില്ലെന്ന് എഫ്ബിഐ ഡയറക്ടർ ജെയിംസ് കോമി പറഞ്ഞു. 

അതേസമയം സുപ്രധാന വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഹിലരിക്ക് ജാഗ്രതയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രാജ്യത്തെ നിയമങ്ങൾ മിസിസ് ക്ലിന്‍റൻ ലംഘിച്ചതായി കണ്ടെത്തിയില്ല. കഴിഞ്ഞയാഴ്ച എഫ്ബിഐ ആസ്ഥാനത്ത് ഹിലരിയെ എഫ്ബിഐ സംഘം മൂന്നുമണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു. എന്നാൽ ഹിലരി സ്വമേധയാ എഫ്ബിഐക്ക് മുന്പിൽ ഹാജരായി മൊഴി നൽകുകയായിരുന്നു എന്നാണ് അവരുടെ പ്രചാരണവിഭാഗം വക്താവ് നിക് മെറിലിന്‍റെ വിശദീകരണം. 

പല  സെർവറുകളിൽ നിന്നും പല ഗാഡ്ഗെറ്റുകളിലൂടെ മാറിമാറി ഹിലരി ഔദ്യോഗിക ഇ മെയിൽ ഉപയോഗിച്ചിരുന്നതായും തന്ത്രപ്രധാന രേഖകൾ സ്വകാര്യസെർവറിലേക്ക് മാറ്റിയിരുന്നതായും എഫ്ബിഐ കണ്ടെത്തി. തന്ത്രപ്രധാന വിവരങ്ങളടങ്ങിയ നൂറിലേറെ ഇ മെയിലുകൾ സ്വകാര്യ സെർവറിൽ നിന്ന് കണ്ടെത്തി. ഇത് ശത്രുക്കൾക്ക് എളുപ്പത്തിൽ കണ്ടെത്താമായിരുന്നു എന്നകാര്യം ഹിലരി ശ്രദ്ധിച്ചില്ല. 

അതേസമയം  അന്വേഷണസംഘത്തിൽ നിന്ന് മറച്ചുവയ്ക്കാനായി ഹിലരി ഈ ഇമെയിലുകൾ ഡിലീറ്റ് ചെയ്തിരുന്നില്ലെന്നും ജെയിംസ് കോമി പറഞ്ഞു. ഏതായാലും പ്രോസിക്യൂഷൻ നടപടികളിൽനിന്ന് ഒഴിവായത് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപുമായി അവസ്സാനവട്ട പോരാട്ടത്തിനിറങ്ങുന്ന ഹിലരിക്ക് തുണയാകും.

Follow Us:
Download App:
  • android
  • ios