ജെറ്റ് എയര്‍വെയ്‍സിന്റെ 9W-118 വിമാനത്തെയാണ് കുറേ നേരത്തേക്ക് ജര്‍മ്മന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിന് കണ്ടെത്താന്‍ കഴിയാതെ പോയത്. പൊടുന്നനെ വിമാനവുമായുള്ള ബന്ധം നിലയ്ക്കുകയായിരുന്നു. അകടമോ വിമാന റാഞ്ചല്‍ ശ്രമമോ ആണെന്ന് സംശയിച്ച് ഉടന്‍ ജര്‍മ്മന്‍ വ്യോമ സേനയുടെ രണ്ട് വിമാനങ്ങള്‍ ജെറ്റ് വിമാനത്തിന് സഹായവുമായെത്തി. യുദ്ധ വിമാനങ്ങള്‍ നിമിഷങ്ങള്‍ക്കകം തന്നെ ജെറ്റ് എയര്‍വെയ്സ് വിമാനത്തെ കണ്ടെത്തി. സാങ്കേതിക തകരാറുകള്‍ കൊണ്ടാണ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് ജെറ്റ് എയര്‍വെയ്സ് പിന്നീട് സ്ഥിരീകരിച്ചു. ഇത് പരിഹരിച്ച് ആശയ വിനിമയം പുനഃസ്ഥാപിക്കുന്നത് വരെ രണ്ട് യുദ്ധവിമാനങ്ങള്‍ ജെറ്റ് എയര്‍വെയ്സിന് സംരക്ഷണമൊരുക്കി. 

തകരാര്‍ പരിഹരിച്ച ശേഷം ലണ്ടനിലേക്ക് യാത്ര തുടര്‍ന്ന വിമാനം അവിടെ സുരക്ഷിതമായി ലാന്റ് ചെയ്തു. ജെര്‍മന്‍ വ്യോമസേനാ വിമാനങ്ങള്‍ ജെറ്റ് എയര്‍വെയ്സ് വിമാനത്തെ വളയുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നെങ്കിലും ഇന്നാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നടപടിക്രമങ്ങളുടെ ഭാഗമായി ഇന്ത്യന്‍ സിവില്‍ വ്യോമയാന ഡയറക്ടറേറ്റിനെയും ജെറ്റ് എയര്‍വെയ്സ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. 330 യാത്രക്കാരും 15 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.