ദുബായ്: കേരളം ആസ്ഥാനമായുള്ള ഫെഡറല്‍ബാങ്ക് ഗള്‍ഫ് മേഖലയിലെ സാന്നിധ്യം ശക്തമാക്കുന്നു. ദുബായി ഇന്റര്‍ നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ പൂര്‍ണതോതിലുള്ള ശാഖതുറക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചതിനുപിന്നാലെ ഫെഡറല്‍ ബാങ്കിന്റെ ദുബായിലെ ആദ്യ പ്രതിനിധി കാര്യാലയം പ്രവര്‍ത്തനം ആരംഭിച്ചു.

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കുകളില്‍ വിദേശത്ത് ശാഖതുറക്കാന്‍ ലൈസന്‍സ് ലഭിക്കുന്ന ആദ്യ ബാങ്കാണ് ഫെഡറല്‍ ബാങ്ക്. ദുബായിലെ പ്രതിനിധി ഓഫീസ് ബര്‍ദുബൈ അല്‍ മുസല്ല ടവറില്‍ പ്രമുഖ വ്യവസായി എംഎ യൂസഫലി ഉദ്ഘാടനം ചെയ്തു. ദുബായി ഇന്റര്‍ നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ പൂര്‍ണ തോതിലുള്ള ശാഖ പിന്നീടായിരിക്കും തുടങ്ങുക.

പുതിയ ഓഫീസുകള്‍ വരുന്നതോടെ ഗള്‍ഫില്‍ മൂന്ന് പ്രതിനിധി ഓഫീസും പൂര്‍ണതോതിലുള്ളൊരു ശാഖയും ഫെഡറല്‍ബാങ്ക് ശൃംഗലയിലുണ്ടാവും. ബാങ്കിന്റെ പ്രവാസി ഇടപാടുകാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.

വിദേശ ഇന്ത്യക്കാരില്‍ നിന്നുള്ള സേവിംഗ്‌സ് ബാങ്ക് നിക്ഷേപം ഉള്‍പ്പെടെ നിലവില്‍ ഏതാണ്ട് 35000കോടിരൂപയാണ് ഫെഡറല്‍ ബാങ്കിലെ എന്‍ആര്‍ഐ ഇടപാട്. ഇതില്‍ നല്ലൊരു പങ്കും ഗള്‍ഫ് മേഖലയില്‍ നിന്നാണ്. ഗള്‍ഫില്‍ കൂടുതല്‍ ഓഫീസുകള്‍ തുറക്കുന്നതോടെ ഇത് വന്‍തോതിലുയര്‍ത്താന്‍ കഴിയുമെന്നാണ് ബാങ്കിന്റെ പ്രതീക്ഷ.