വരുമാനം കുറഞ്ഞ രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് പുതിയ അധ്യയന വര്‍ഷം മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂള് ഫീസില്‍ ഇളവ് നല്‍കും. ഇതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ട് രക്ഷിതാക്കള്‍ക്ക് പ്രിന്‍സിപ്പല്‍ സര്‍ക്കുലര്‍ കൈമാറി. വിവിധ മാനദണ്ഡങ്ങളും ഇതിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്

400 ഒമാനി റിയാലില്‍ കുറവ് ശമ്പളമുള്ള രക്ഷിതാക്കളുടെ കുട്ടികള്‍ക്കാണ് ഫീസില്‍ ഇളവ് ലഭിക്കുക. ഫീസിളവിന് അര്‍ഹരായവര്‍ ഈ മാസം 27ന് ഉച്ചക്ക് രണ്ട് മണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. സ്‌കൂള്‍ റിസപ്ഷനില്‍ നിന്നോ വെബ്‌സൈറ്റില്‍ നിന്നോ അപേക്ഷാ ഫാറം ലഭിക്കും. ഫോറം പൂരിപ്പിച്ച് സ്‌കൂള്‍ അഡ്മിന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷിച്ചവര്‍ അര്‍ഹരാണോ എന്ന് പരിശോധിച്ച് ജൂണ്‍ ആദ്യ ആഴ്ചയില്‍ തന്നെ എസ്.എം.എസ് വഴി വിവരം നല്‍കും. അപേക്ഷകളുടെ കാര്യത്തില്‍ അന്തിമ നടപടി സ്വീകരിക്കുന്നത് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ആയിരിക്കും.

സാമ്പത്തിക പ്രയാസം മൂലം വിദ്യാര്‍ഥികള്‍ പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുവാന്‍ വേണ്ടിയാണ് ഫീസില്‍ ഇളവ് നല്‍കുന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. 1975ല്‍ 135 കുട്ടികളുമായി ആരംഭിച്ച മസ്കറ്റ് ഇന്ത്യന്‍ സ്കൂളില്‍ ഇന്ന് 9200 ലധികം വിദ്യാര്‍ഥികള്‍ ആണ് അദ്ധ്യായനം നടത്തി വരുന്നത്.